സിൽവർ ലൈൻ: വ്യക്തത തേടി ഹൈക്കോടതി,​ സർവേയ്ക്കായി കല്ലിടാമോ,​ നോട്ടീസ് നൽകണോ

Friday 08 April 2022 12:00 AM IST

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിനുള്ള സർവേയടക്കം നാലു കാര്യങ്ങളിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി. സർവേയുടെ ഭാഗമായി കെ-റെയിൽ എന്നെഴുതിയ കല്ല് സ്ഥാപിക്കുന്നതിനെതിരെ കോട്ടയം സ്വദേശി മുരളീകൃഷ്‌ണൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം. സംസ്ഥാന സർക്കാരും റെയിൽവേയും സംയുക്തമായി പദ്ധതി നടപ്പാക്കുന്നതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യ ഉത്തരവാദിത്തമുണ്ടെന്ന് വിലയിരുത്തിയ ഹൈക്കോടതി ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ എന്തിനാണ് ഒളിച്ചുകളി നടത്തുന്നതെന്ന് ചോദിച്ചു. റെയിൽവേയുടെ ഭൂമിയിൽ സർവേ നടത്തരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും പദ്ധതിക്കു വേണ്ടി സമർപ്പിച്ച ഡി.പി.ആർ അംഗീകരിക്കുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്നും കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അസി. സോളിസിറ്റർ ജനറൽ എസ്. മനു വിശദീകരിച്ചു. തുടർന്നാണ് ഹൈക്കോടതി നാലു കാര്യങ്ങളിൽ വിശദീകരണം തേടിയത്.

 കോടതിയുടെ ചോദ്യങ്ങൾ

1. സാമൂഹ്യാഘാത പഠന സർവേക്കായി കല്ലിടാനാകുമോ?

2. സർവേക്കു മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ടോ?

3. കേന്ദ്രസർക്കാരാണോ സംസ്ഥാന സർക്കാരാണോ സർവേ നടത്തേണ്ടത്?

4. നിക്ഷേപ പൂർവ പ്രവൃത്തികൾക്ക് 1000 കോടിയിലേറെ രൂപ

ചെലവാകുന്നതിനാൽ കേന്ദ്രമന്ത്രിസഭയുടെ അനുമതി വേണ്ടേ?

 ഹൈക്കോടതി പറയുന്നു

സർവേയ്ക്കായി സ്ഥാപിക്കുന്ന കല്ലുകൾ മാറ്റുമോ, കല്ലിട്ട ഭൂമി ഈടുവച്ച് വായ്പ എടുക്കാനാവുമോ എന്നീ കാര്യങ്ങൾ നേരത്തെ ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നെങ്കിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാമായിരുന്നു. പദ്ധതി മികച്ച രീതിയിൽ നടപ്പാക്കണം. മറ്റിടങ്ങളിലും സമാന പദ്ധതികളുണ്ടല്ലോ. ഇവിടെ ജനങ്ങൾക്ക് സംശയങ്ങളുണ്ട്. അതു പരിഹരിക്കണം. വായ്പാ അപേക്ഷകളിൽ പരിശോധന നടത്താൻ ബാങ്കിൽ നിന്ന് വരുമ്പോൾ സർവേക്കല്ലുകൾ കാണും. ഇങ്ങനെ കല്ല് സ്ഥാപിച്ചാലും ഭൂമി ‌ഈടുവയ്ക്കാമെന്ന് വിശദീകരിച്ചാൽ ആ പ്രശ്നം തീരും. ഇതുപോലെ മുൻകൂട്ടി നോട്ടീസ് നൽകാതെ സർവേ നടത്താനെത്തിയാൽ ജനങ്ങൾ ഭയത്തോടെ മാത്രമേ കാണുവെന്നും ഹൈക്കോടതി പറഞ്ഞു.

Advertisement
Advertisement