പന്നിയങ്കരയിൽ സ്വകാര്യബസുകൾ ടോൾ കേന്ദ്രത്തിന്റെ ഇരുഭാഗങ്ങളിൽനിന്ന് സർവീസ് ആരംഭിച്ചു

Saturday 09 April 2022 12:25 AM IST

വടക്കഞ്ചേരി: പന്നിയങ്കരയിലെ ടോൾ നിരക്ക് കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യബസുകൾ വ്യാഴാഴ്ച തുടങ്ങിയ സമരം അവസാനിപ്പിച്ചു. തൃശൂർ-പാലക്കാട്, തൃശൂർ-ഗോവിന്ദാപുരം, തൃശൂർ-കൊഴിഞ്ഞാമ്പാറ റൂട്ടിലോടുന്ന 150ഓളം ബസുകൾ പണിമുടക്കിൽ പങ്കെടുത്തു. വെള്ളിയാഴ്ച മുതൽ ടോൾ കേന്ദ്രത്തിന്റെ ഇരുഭാഗത്തു നിന്നുമായി സ്വകാര്യബസുകൾ സർവീസ് നടത്തി. ഇങ്ങനെ ചെയ്യുമ്പോൾ യാത്രക്കാർക്ക് ടോൾ കേന്ദ്രത്തിലിറങ്ങി നടന്ന് മറുവശം കടന്ന് അടുത്ത ബസിൽ കയറേണ്ടിവരും.
ടോൾനിരക്ക് കുറയ്ക്കാത്തതിനെതിരേയുള്ള തുടർ പ്രതിഷേധങ്ങളുടെ ഭാഗമായാണ് ടോൾ നൽകാതെ ഇരുവശത്തുനിന്നുമായി ബസുകൾ സർവീസ് നടത്താൻ തീരുമാനിച്ചത്.

അനിശ്ചിതകാലസമരം തുടങ്ങുമെന്ന്

അനുകൂല തീരുമാനങ്ങളുണ്ടായില്ലെങ്കിൽ 12 മുതൽ പാലക്കാട്, തൃശൂർ ജില്ലകളിലെ എല്ലാ റൂട്ടുകളിലുമുള്ള ബസുകൾ സർവീസ് നിർത്തി അനിശ്ചിതകാലസമരം തുടങ്ങുമെന്നും വരുംദിവസങ്ങളിൽ ചർച്ച നടക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു.

റിലേ നിരാഹാരം തുടരുന്നു

ടോൾ കേന്ദ്രത്തിനുസമീപം തുടങ്ങിയ റിലേ നിരാഹാരം തുടരുന്നുണ്ട്. വ്യാഴാഴ്ച ബിപിൻ ടി. ആലപ്പാട്ട് നിരാഹാരമനുഷ്ഠിച്ചു. മോട്ടോർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ഏരിയാ സെക്രട്ടറി ജെ.പോപ്പി ഉദ്ഘാടനം ചെയ്തു. ടി. ഗോപിനാഥ്, ജോസ് കുഴുപ്പിൽ, വി. അശോക് കുമാർ, നൗഷാദ് ആറ്റുപറമ്പത്ത്, അഡ്വ. എം.എസ്. സക്കറിയ, സെയ്താലി തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement