എസ്.എസ്.എൽ.സി, പ്ലസ്ടു മൂല്യനിർണയം : ഒരു പന്തിയിൽ രണ്ടു വിളമ്പെന്ന് അദ്ധ്യാപകർ

Saturday 09 April 2022 2:16 AM IST

തി​രുവനന്തപുരം: എസ്.എസ്.എൽ.സി​, പ്ളസ് ടു പരീക്ഷാ മൂല്യനി​ർണയത്തി​ൽ ഒരേ മാർക്കി​നുള്ള വി​ഷയങ്ങൾക്ക് വ്യത്യസ്ത നി​ലപാടെന്ന ആരോപണവുമായി​ അദ്ധ്യാപക സംഘടനകൾ.

80 മാർക്കിന്റെ വിഷയത്തിന് 35 ചോദ്യങ്ങളാണുള്ളത്. പത്താം ക്ലാസിലെ 80 മാർക്കിന്റെ ഉത്തരക്കടലാസ് 24 എണ്ണമാണ് ഹൈസ്‌കൂൾ അദ്ധ്യാപകൻ ഒരു ദിവസം മൂല്യനിർണയം നടത്തേണ്ടത്. എന്നാൽ ഹയർ സെക്കൻഡറിയിൽ അത് 34 എണ്ണമായി ഈ വർഷം വർദ്ധിപ്പിച്ചു. അദ്ധ്യാപകർ തയ്യാറാണെങ്കിൽ 51 പേപ്പർ വരെ നോക്കാമെന്നും, ബയോളജിക്ക് 75 പേപ്പർ വരെ ആകാമെന്നും ജോയി​ന്റ് ഡയറക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു. പത്താം ക്ലാസിലും, പ്ലസ്ടുവിനും ഒരേ എണ്ണം ചോദ്യവും, മാർക്കുമായിട്ടും പ്ലസ്ടു വിനു മാത്രം നിശ്ചിതസമയത്തിനുള്ളിൽ മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം ക്രമാതീതമായി ഉയർത്തിയത് ഇരട്ടത്താപ്പാണെന്ന് അദ്ധ്യാപകർ പറയുന്നു. മൂല്യനിർണ്ണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം വർദ്ധിപ്പിച്ച നടപടി പിൻവലിച്ചില്ലെങ്കിൽ മുല്യ നിർണ്ണയ ക്യാമ്പുകൾ സമരവേദിയാക്കുമെന്ന് എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി എസ്. മനോജ് പറഞ്ഞു.

Advertisement
Advertisement