കെടുതി വിതച്ച് കാറ്റും മഴയും

Saturday 09 April 2022 12:19 AM IST
പത്തനംതിട്ട നഗരത്തിൽ അതിശക്തമായ മഴയിലും കാറ്റിലും കടയുടെ ബോർഡ് തകർന്ന് ഫുട്പാത്തി​ൽ വീണപ്പോൾ

പത്തനംതിട്ട : ജില്ലയിൽ ഒരാഴ്ചയായി പെയ്യുന്ന വേനൽമഴ കെടുതി വിതയ്ക്കുന്നു. ഇന്നലെ പത്തനംതിട്ടയിലുണ്ടായ കാറ്റിലും മഴയിലും മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു. നഗരത്തിൽ കുമ്പഴയിൽ കാറിന് മുകളിൽ മരം വീണു. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് വെട്ടിപ്രം ഭാഗത്ത് വാളുവെട്ടുംപാറ റോഡിൽ മരം ഒടിഞ്ഞ് വൈദ്യുതി കമ്പിയിൽ വീണു. സെന്റ് പീറ്റേഴ്സ് ജംഗ്ഷന് സമീപം വീടിന്റെ മതിൽ തകർത്ത് മരം വീണ് ബൈക്ക് തകർന്നു. വൈദ്യുതി ബന്ധവും തകരാറിലായി.

പത്തനംതിട്ട കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ 13 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. സുരക്ഷിതത്വത്തിന്റെ ഭാഗമായി 10 ട്രാൻസ്ഫോർമറുകൾ ഒാഫ് ചെയ്തതായി സെക്ഷൻ ഒാഫീസ് അറിയിച്ചു.

ഇന്നലെ വൈകിട്ട് പുല്ലാട് ജംഗ്ഷനിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം മുടങ്ങി.

വാര്യാപുരത്ത് ‌മരം വീണ് ടി.കെ റോഡിൽ ഗതാഗതം മുടങ്ങി. ഒാമല്ലൂർ മുള്ളനിക്കാട് വൈദ്യുതി പോസ്റ്റും മരങ്ങളും റോഡിലേക്ക് മറിഞ്ഞ് വീണു. കഴിഞ്ഞ രണ്ടു ദിവസമായി കോന്നി, റാന്നി, മല്ലപ്പള്ളി താലൂക്കുകളിലായി ഒരു വീട് പൂർണമായും 40 വീടുകൾ ഭാഗികമായും തകർന്നു.

പ്രമാടത്തും വള്ളിക്കോടും കാറ്റിൽ നാശം

പ്രമാടം : പ്രമാടം, വള്ളിക്കോട് പ്രദേശങ്ങളിൽ ഇന്നലെ വൈകിട്ട് പെയ്ത ശക്തമായ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ നിരവധി കാർഷിക വിളകൾക്ക് നാശംനേരിട്ടു. മരച്ചില്ലകൾ ഒടിഞ്ഞ് വൈദ്യുതി ലൈനിൽ വീണതിനെ തുടർന്ന് പ്രദേശങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. പ്രമാടം - പൂങ്കാവ് - പത്തനംതിട്ട റോഡിലും പൂങ്കാവ് - താഴൂർക്കടവ് - ചന്ദനപ്പള്ളി റോഡിലും ഏറെനേരം ഗതാഗതം തടസപ്പെട്ടു. നിരവധി ആളുകളുടെ വാഴക്കൃഷി, പാവൽ, പടവലം കൃഷികളുടെ പന്തൽ എന്നിവ തകർന്നുവീണു. പാതിവിളവെത്തിയ കപ്പ കൃഷിയും വ്യാപകമായി പിഴുതുവീണിട്ടുണ്ട്. വീടുകളുടെ മുകളിൽ മരച്ചില്ലകൾ ഒടിഞ്ഞുവീണെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. പ്രമാടം - പത്തനംതിട്ട റോഡിൽ ബൈക്ക് യാത്രക്കാരന്റെ മുകളിൽ ഓലമടൽ വീണെങ്കിലും പരിക്കുകളില്ലാതെ രക്ഷപെട്ടു.

Advertisement
Advertisement