വെളിച്ചെണ്ണ വിപണിയിൽ ജില്ലാപ‌ഞ്ചായത്തിന്റെ 'കല്‌പം'

Saturday 09 April 2022 12:25 AM IST
കൊല്ലം ജില്ലാ പഞ്ചായത്ത് പുറത്തിറക്കിയ കല്പം വെളിച്ചെണ്ണയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ നിർവ്വഹിക്കുന്നു

കൊല്ലം: വെളിച്ചെണ്ണ വിപണി പിടിക്കാൻ 'കല്‌പം' ബ്രാൻഡുമായി ജില്ലാ പഞ്ചായത്ത്. കരുനാഗപ്പള്ളി ചിറ്റുമൂല കോക്കനട്ട് നഴ്സറിയിൽ ഉല്‍പാദിപ്പിച്ച വെളിച്ചെണ്ണയാണ്​

ജില്ലാപഞ്ചായത്തിന്റെ 'കല്‌പം' ലേബലിൽ വിപണിയിലെത്തിയത്. ലിറ്ററിന് 180 രൂപയാണ് വില. ജില്ലാ പഞ്ചായത്തിന്റെ കടയ്ക്കൽ, അഞ്ചൽ ഫാമുകളിൽ ഉല്പാദിപ്പിച്ചതും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ കർഷകരിൽ നിന്ന നേരിട്ട് വാങ്ങിയതുമായ നാളികേരം,​ കരുനാഗപ്പളളിയിലെ കോക്കനട്ട് നഴ്സറിയിൽ സംഭരിച്ച് കൊപ്രയാക്കി ആട്ടിയെടുത്ത് ബോട്ടിലിലാക്കിയാണ് വെളിച്ചെണ്ണ വിപണിയിലെത്തിച്ചത്. കൃഷി വകുപ്പിന്റെ കീഴിലുളള ഓച്ചിറ ഫാർമേഴ്സ് എക്സ്ന്റൻഷൻ ഓർഗനൈസേഷന്റെ മില്ലിലാണ് കൊപ്ര ആട്ടിയെടുക്കുന്നത്. കേരഫെഡിന്റെ ഫാമിൽ കൊപ്ര ഉണക്കാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. ചിറ്റുമൂല കോക്കനട്ട് നഴ്സറിയിൽ പ്രധാനമായും തെങ്ങിൻ തൈകളുടെ ഉല്പാദനമാണ് നടന്നു വരുന്നത്. കൂടാതെ കുരുമുളക് , പച്ചക്കറി തൈകളുടെ ഉല്പാദനവും നടക്കുന്നുണ്ട്.

വിപണിയിലെത്തി

കല്പം ബ്രാൻഡിന്റെ വിപണനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, മുതിർന്ന ജില്ലാ പഞ്ചായത്ത് അംഗം എൻ.എസ്. പ്രസന്നകുമാറിന് കൈമാറി നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. സുമാലാൽ അദ്ധ്യക്ഷയായി. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഡോ.പി.കെ.ഗോപൻ, ജെ. നജീബത്ത്, വസന്ത രമേശ്, അനിൽ എസ്. കല്ലേലിഭാഗം, സെക്രട്ടറി ബിനുൽ വാഹിദ്, കരുനാഗപ്പള്ളി സ്റ്റേറ്റ് കോക്കനട്ട് നഴ്സറി സീനിയർ കൃഷി ഓഫീസർ എസ്. സ്മിത എന്നിവർ സംസാരിച്ചു.

...........................................

കല്‌പംവെളിച്ചണ്ണ

വിപണിയിൽ : 280 കിലോ

തൊഴിലാളികൾ : 34 പേർ

വില്പന: കൃഷി ഭവൻ എക്കോ ഷോപ്പുകൾ,

ജില്ലാപഞ്ചായത്ത് ഹോർട്ടി കോർപ്പ് ഔട്ട് ലെറ്റ്

........................................

മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണത്തിന് ജില്ലാ പഞ്ചായത്ത് മുൻതൂക്കം നൽകുന്നു. കോട്ടുക്കൽ ഫാമിൽ ഫാഷൻഫ്രൂട്ട്, മാങ്ങ, ചക്ക, പൈനാപ്പിൾ എന്നിവയിൽ നിന്ന് മൂല്യ വർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കും. കുര്യോട്ടുമല ഹൈടെക് ഫാമിൽ നിന്ന് ഐസ്ക്രീം, നെയ്യ്, തൈര്, സിപ്പ് അപ്പ് എന്നിവ നിർമ്മിച്ച് വിപണിയിലിറക്കും.

സാം കെ. ഡാനിയേൽ,

പ്രസിഡന്റ്, ജില്ലാപഞ്ചായത്ത്.

Advertisement
Advertisement