അടൂർ ഡിപ്പോയിൽ നിന്നുള്ള മലക്കപ്പാറയിലേക്കുള്ള ഉല്ലാസയാത്രയ്ക്ക് ഇന്ന് തുടക്കം.

Saturday 09 April 2022 11:07 PM IST

അടൂർ : കെ. എസ്. ആർ. ടി. സി അടൂർ ഡിപ്പോയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള ആദ്യ ഉല്ലാസയാത്ര ഇന്ന് പുലർച്ചെ പുറപ്പെടും.എല്ലാ ഞായറാഴ്ചയും പുലർച്ചെ 4 ന് പുറപ്പെടുന്ന സർവീസിന് അടുത്ത മൂന്നാഴ്ചത്തേക്കുള്ള ബുക്കിംഗും ഏറെക്കുറെ പൂർത്തിയായി. കന്നിയാത്രയിൽ 50 യാത്രക്കാരുണ്ട്. വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ ഒറ്റദിവസം കൊണ്ട് നയനമനോഹരമായ കാഴ്ചകൾ കണ്ട് മടങ്ങാം എന്നതാണ് ഇൗ സർവീസിന്റെ പ്രത്യേകത. സംസ്ഥാനത്തെ പല ഡിപ്പോകളിൽ നിന്നും ആരംഭിച്ച സർവീസുകൾക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. അതിന്റെ ചുവടുപിടിച്ചാണ് അടൂർ ഡിപ്പോയും ഇത്തരമൊരു സർവീസ് തുടങ്ങുന്നത്. വിവിധ കാരണങ്ങളാൽ നീണ്ടുപോയെങ്കിലും ഇക്കഴിഞ്ഞ മാർച്ചിലാണ് അനുമതി നൽകിയത്. ഇൗ സർവീസിനു പുറമേ ഇടുക്കി ജില്ലയിലെ വാഗമൺ - പരുന്തുംപാറ സർവീസിനും അനുമതി ലഭിച്ചിട്ടുണ്ട്. 17 ന് ആരംഭിക്കാനിരുന്ന സർവീസിന് വിഷു, ഇൗസ്റ്റർ ആഘോഷങ്ങൾ കാരണം വേണ്ടത്ര പ്രതികരണം ഇനിയും യാത്രക്കാരുടെ ഇടയിൽ നിന്നും ലഭിച്ചിട്ടില്ല. അടൂരിൽ നിന്നും പുറപ്പെടുന്ന മലക്കപ്പാറ സർവീസ് 8 മണിയോടെ ചാലക്കുടിയിലെത്തും. അവിടെ നിന്നും കെ. എസ്. ആർ. ടി. സിയുടെ തന്നെ ഗൈഡ് സ്ഥലങ്ങൾ പരിചയപ്പെടുത്തുന്നതിനായി യാത്രക്കാർക്കൊപ്പം കൂടും.

60 കി.മി വനയാത്ര

കോടമഞ്ഞിന്റെ കുളിരിൽ അറുപത് കിലോമീറ്റർ വനയാത്ര മലക്കപ്പാറയിലേക്കുണ്ട്. കാട്ടുമൃഗങ്ങളെ കണ്ട് യാത്രതുടരുന്നതിനൊപ്പം തുമ്പൂർമൂഴി ശലഭോദ്യാനം, അതിരപ്പള്ളി വ്യൂപോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽകുത്ത് ഡാം, റിസർവോയർ , ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലിക്കുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നീ സ്ഥലങ്ങളും കാണാം. നാടൻ വിഭവങ്ങളും ഭക്ഷിക്കാം. വനമദ്ധ്യത്തിലൂടെയുള്ള പ്രകൃതിരമണീയമായ സ്ഥലങ്ങൾ സന്ദർശിച്ച് വൈകിട്ട് മൂന്നരയോടെ പുറപ്പെട്ട് രാത്രി പതിനൊന്ന് മണിയോടെ തിരിച്ചെത്തുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. 800 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം ഉൾപ്പെടെയുള്ള മറ്റ് ചെലവുകൾ യാത്രക്കാർതന്നെ ചെലവഴിക്കണം.

Advertisement
Advertisement