മാസാണ് ലക്ഷദ്വീപിലെ 'മാസ്'

Sunday 10 April 2022 12:46 AM IST
മാസ്

പൊന്നാനി: അത്താഴത്തിന് ചമ്മന്തി അരയ്ക്കാനും നോമ്പുതുറയിലെ പത്തിരിക്കൊപ്പം കറിയിൽ ചേർക്കാനും ലക്ഷദ്വീപിൽ നിന്നുള്ള മാസ് പതിവുതെറ്റാതെ ഇത്തവണയും പൊന്നാനിയിലെ കടകളിലുണ്ട്. ചൂര (ടൂണ) മീൻ ഉണക്കിയതാണ് മാസ്. കാലങ്ങളായി പൊന്നാനിക്കാരുടെ ശീലമാണ് മാസിട്ട ചമ്മന്തിയും കറിയും. നോമ്പ് തുടങ്ങുന്നതോടെയാണ് മിനിക്കോയി ദ്വീപിൽ നിന്നുള്ള മാസ് ബേപ്പൂരിൽ നിന്ന് പൊന്നാനിയിലേക്കെത്തുക. ലക്ഷദ്വീപിൽ നിന്ന് മതപഠനത്തിനായി എത്തുന്നവരും കൊണ്ടുവന്നിരുന്നു. നോമ്പ് കാലത്താണ് ആവശ്യക്കാരേറെ. മാസിട്ട് അരച്ച തേങ്ങാച്ചമ്മന്തി അത്താഴത്തിന് പ്രധാന ഇനമാണ്. നേർത്ത പത്തിരിക്കൊപ്പമുള്ള മാസിട്ട തേങ്ങാച്ചമ്മന്തിയും മുരിങ്ങ ഇലയ്ക്കൊപ്പം മാസ് ചേർത്ത് കറിവയ്ക്കുന്നതും മുൻകാലങ്ങളിൽ പതിവായിരുന്നു. ഇറച്ചിക്കറിയിലും ചേർക്കും. ബിരിയാണിക്ക് ഉപയോഗിക്കുന്നവരുമുണ്ട്. എന്നാലിപ്പോൾ ആവശ്യക്കാർ കുറവാണ്.

കിലോക്ക് 800 രൂപയാണ് വില. നോമ്പുകാലമായാൽ കടയുടെ മുന്നിൽ കയറിൽ കോർത്ത് കെട്ടിത്തൂക്കിയാണ് വിൽപ്പന. ഇന്നിപ്പോൾ പല വിദേശരാജ്യങ്ങളിലേക്കും മാസ് കയറ്റിപ്പോകുന്നുണ്ട്. ഇവിടെ ലഭിക്കുന്ന ചൂര ഉപയോഗിച്ച് മാസ് ഉണ്ടാക്കിയാൽ നന്നാകില്ലെന്നാണ് പറയപ്പെടുന്നത്.

മാസ് ആവുന്ന വിധം

വലിയ ചൂരമീനുകളെ നടുവിലൂടെ പിളർന്ന് തലയും കുടലും മുള്ളും നീക്കിയെടുക്കും. ശേഷം പ്രത്യേക അനുപാതത്തിൽ കടൽജലവും ശുദ്ധജലവും ചേർത്തു തിളപ്പിച്ച് പുഴുങ്ങും. തുടർന്നു 4–5 മണിക്കൂർ വരെ പുക കൊള്ളിച്ച് രണ്ടായി മുറിച്ച് ഒരാഴ്ചയിലേറെ വെയിലത്തുണക്കും. ഇരുണ്ട തവിട്ടുനിറമുള്ള തടിയെന്നു തോന്നുന്നത്ര ഉണങ്ങുന്നതോടെ മാസ് ഉപയോഗയോഗ്യമാകും.

ദ്വീപിൽ മാസ് നിർമ്മാണം കുടിൽ വ്യവസായമാണ്.

ശർക്കരയും അമ്പറും

മാസ് കൂടാതെ ദ്വീപിൽ നിന്നുള്ള ശർക്കരയും പൊന്നാനിയിലെത്തിയിരുന്നു. കുഴമ്പ് രൂപത്തിലുള്ളതാണ് ദ്വീപിലെ ശർക്കര. പെരുന്നാൾ പ്രമാണിച്ചുണ്ടാക്കുന്ന അരീരപ്പത്തിന്റെ പ്രധാന കൂട്ട് ഇതായിരുന്നു. ബിണ്ടി ഹൽവയ്ക്കും ഉപയോഗിക്കും. ദ്വീപ് ശർക്കരയ്ക്ക് കിലോക്കിപ്പോൾ 1100 രൂപയാണ്. കുറഞ്ഞ വിലയിൽ പ്രദേശിക ശർക്കര ലഭിക്കാൻ തുടങ്ങിയതോടെ ദ്വീപ് ശർക്കരയ്ക്ക് ആവശ്യക്കാർ കുറഞ്ഞു. അമ്പർ എന്ന ഔഷധഗുണമുള്ള ഉത്പന്നവും ദ്വീപിൽ നിന്നെത്തിയിരുന്നു. തിമിംഗലം പുറത്ത് വിടുന്ന ഒന്നാണിത്. മീൻ അമ്പർ, പൊന്നമ്പർ എന്നിങ്ങനെ രണ്ടുതരമുണ്ട്. സുഗന്ധദ്രവ്യങ്ങളിൽ മിശ്രിതമായാണ് ഇതുപയോഗിച്ചിരുന്നത്. കഴിഞ്ഞ തലമുറയിൽ ഇതിന് ആവശ്യക്കാർ ഏറെയായിരുന്നു. പവിഴപ്പുറ്റും ധാരാളമായെത്തിയിരുന്നു.

Advertisement
Advertisement