പിണറായി അവസാനത്തെ ഈഴവ മുഖ്യമന്ത്രി: വെള്ളാപ്പള്ളി

Sunday 10 April 2022 1:09 AM IST

കായംകുളം: പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ ഈഴവ മുഖ്യമന്ത്രി ആയിരിക്കുമെന്നും ഇനി 50 വർഷത്തേക്ക് ഈഴവർ മുഖ്യമന്ത്രിക്കസേരയിലെത്തുകയില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കായംകുളം എസ്.എൻ വിദ്യാപീഠത്തിൽ ശ്രീനാരായണസാംസ്കാരിക സമിതി ഇന്റർനാഷണൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധികാരത്തിന്റെ അകത്തളങ്ങളിൽ പിടിമുറുക്കാതെ സമുദായത്തിന് വളരാൻ കഴിയില്ല. പാർട്ടികളിലെ മറ്റുള്ളവരും കുലംകുത്തികളും ഈഴവരെ വളരാൻ അനുവദിക്കില്ല. ആക്ഷേപിച്ച് പുറത്താക്കും. എല്ലാവരും പേര് നോക്കി വോട്ട് ചെയ്യുമ്പോൾ ചിഹ്നം നോക്കി ചെയ്യുന്നവരാണ് ഈഴവരെന്നും അദ്ദേഹം പറഞ്ഞു. ‌ഈഴവർ പേര് നോക്കി വോട്ട് ചെയ്തിരുന്നെങ്കിൽ ഇന്ന് ധാരാളം മന്ത്രിമാരും എം.എൽ.എമാരും സമുദായത്തിൽ നിന്നുണ്ടാവുമായിരുന്നു.

മതേതരത്വം പറഞ്ഞ് മതം വളർത്താനാണ് മറ്റുള്ളവർ ശ്രമിക്കുന്നത്. മതത്തിന്റെ പേരിലുള്ള പാർട്ടിയും മതമേലദ്ധ്യക്ഷന്മാർ നിയന്ത്രിക്കുന്ന പാർട്ടിയും ഈഴവരെ മതേതരത്വം പറഞ്ഞ് വിരട്ടുന്ന കാലമാണ് ഇപ്പോഴെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശ്രീനാരായണസാംസ്കാരികസമിതി ഇന്റർനാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.എസ്. ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ ദത്ത്, നെടുങ്കുന്നം ഗോപാലകൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ, രാധാകൃഷ്ണൻ ആലുംമൂട്ടിൽ, സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. സി.എം. ലോഹിതൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement