നൂറ്റാണ്ടുകൾക്കിപ്പുറവും ജ്വലിച്ച് വലിയപള്ളിയിലെ എണ്ണ വിളക്ക്

Monday 11 April 2022 12:31 AM IST
വലിയപള്ളിയിലെ എണ്ണ വിളക്ക്

പൊന്നാനി: ലോകത്തിന് വിജ്ഞാനത്തിന്റെ വെളിച്ചം വിതറാൻ പ്രകാശം പരത്തിയൊരു വിളക്ക് നൂറ്റാണ്ടുകൾക്കിപ്പുറവും പൊന്നാനിയിൽ കെടാതെ കത്തുന്നുണ്ട്. പൊന്നാനി വലിയപള്ളിയിലെ അകത്തെ പള്ളിയിൽ തൂക്കിയിട്ട എണ്ണ വിളക്കിന് അഞ്ച് നൂറ്റാണ്ടിന്റെ കഥ പറയാനുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ ഇസ്ലാമിക വിജ്ഞാനം നുകർന്നത് ഈ വിളക്കത്ത് ഇരുന്നായിരുന്നു. സൈനുദ്ധീൻ മഖ്ദൂമിന്റെ കീഴിൽ ലോകത്താദ്യമായി ദർസ് പഠന രീതി ആരംഭിച്ചത് പൊന്നാനി വലിയപളളിയിലെ വിളക്കത്ത് ഇരുന്നായിരുന്നു. അന്ന് തെളിച്ച വെളിച്ചം ഇന്നും കെടാതെ കൊണ്ടുനടക്കുന്നുണ്ട്. സന്ധ്യാനേരത്തെ മഗ്രിബ് നമസ്‌ക്കാരത്തോടെ കത്തിക്കുന്ന വിളക്ക് പുലർച്ച നേരത്തെ സുബ്ഹി നമസ്‌ക്കാരം വരെ കത്തി നിൽക്കും. കാലങ്ങളായി യാതൊരു മുടക്കവുമില്ലാതെ തുടരുന്നതാണിത്.

സൈനുദ്ധീൻ മഖ്ദൂം ഒന്നാമന്റെ കാലത്താണ് പൊന്നാനി വലിയ പള്ളിയിൽ ദർസ് ആരംഭിക്കുന്നത്. വ്യവസ്ഥാപിതമായ പള്ളി ദർസ് സമ്പ്രദായത്തിന്റെ തുടക്കമായിരുന്നു അത്. ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാലയിലെ സിലബസ്, അന്ന് പ്രാദേശികമായി നിലനിന്നിരുന്ന ഗുരുകുല സമ്പ്രദായവുമായി സംയോജിപ്പിച്ചാണ് പൊന്നാനി പള്ളിയിൽ ദർസ് ആരംഭിക്കുന്നത്. പഠന നിലവാരം കൊണ്ട് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയതോടെ വിദേശ വിദ്യാർത്ഥികൾ ധാരാളമായി പൊന്നാനിയിലേക്കെത്തി. ഇന്തോനേഷ്യ, മലേഷ്യ, സിലോൺ, അറേബ്യ, ഈജിപ്ത്, സിറിയ, ബാഗ്ദാദ്, യമൻ എന്നിവിടങ്ങളിൽ നിന്നടക്കമുള്ള വിദ്യാർത്ഥികൾ പൊന്നാനി ദർസിൽ പഠിതാക്കളായുണ്ടായിരുന്നു. അകത്തെ പള്ളിയുടെ മധ്യത്തിൽ തൂക്കിയിട്ട എണ്ണ വിളക്കിനു ചുറ്റുമിരുത്തിയാണ് പഠനം. തുടക്കകാലത്ത് സൈനുദ്ധീൻ മഖ്ദൂം നേരിട്ടാണ് വിദ്യ പകർന്നു നൽകിയത്. ഇങ്ങനെ എണ്ണവിളക്കിനു ചുറ്റും ഇരുന്ന് വിദ്യനേടുന്ന രീതിക്ക് 'വിളക്കത്തിരിക്കൽ' എന്നു പേരായി. ഇപ്രകാരം വിളക്കത്തിരുന്ന് മത വിദ്യാഭ്യാസം ആർജ്ജിച്ചവരെ 'മുസ്‌ലിയാർ' എന്ന് വിശേഷിപ്പിക്കാൻ തുടങ്ങി. പൊന്നാനിയിൽ നിന്ന് നൽകുന്ന ബിരുദമായിരുന്നു മുസ്ലിയാർ പദവി. സൈനുദ്ദീൻ മഖ്ദൂമിന് ശേഷമുള്ള മഖ്ദൂമുമാരും മഖ്ദൂമിയൻ സിലബസുകളുടെ ബിരുദം നൽകലിനായി ഈ രീതി തന്നെ തുടർന്നു. സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ കാലത്താണ് ദർസ് ലോക പ്രസിദ്ധിയിലേക്കെത്തിയത്. സസ്യ എണ്ണയിൽ പ്രകാശം പരത്തുന്ന ഈ വിളക്കു കത്തിച്ചു ബിരുദം നൽകുന്ന പതിവ് ഈയടുത്ത കാലം വരെ തുടർന്നിരുന്നു. ഇപ്പോഴും പൈതൃക സ്മരണ പുതുക്കി വിവിധഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ വിളക്കത്തിരിക്കാനായി പൊന്നാനി ദർസിൽ എത്താറുണ്ട്.

1500കളുടെ തുടക്കത്തിൽ ആരംഭിച്ച വിളക്കത്തിരിക്കൽ പഠന രീതി 1908 വരെ തുടർന്നു. അകത്തെ പള്ളിയിലെ തൂക്കുവിളക്കിനു പുറമെ പതിവായി കത്തിച്ചിരുന്ന വേറെയും എണ്ണ വിളക്കുകൾ പള്ളിയിലുണ്ടായിരുന്നു. സാമൂതിരി സമ്മാനമായി മഖ്ദൂമിന് നൽകിയതെന്ന് പറയപ്പെടുന്ന നിലവിളക്ക് പുറത്തെ പളളിയിൽ പതിവായി കത്തിച്ചിരുന്നു. വിശേഷ ദിവസങ്ങളിൽ മാത്രം കത്തിക്കുന്ന എണ്ണത്തിരിയിട്ട ളാമ്പുകൾ പള്ളിയിൽ ധാരാളമുണ്ട്.

Advertisement
Advertisement