95 ലും വക്കം സ്മാർട്ട്, ഭക്ഷണത്തിൽ ഗ്രൂപ്പില്ല

Monday 11 April 2022 3:35 AM IST

തിരുവനന്തപുരം:ഭക്ഷണക്കാര്യത്തിൽ ഗ്രൂപ്പില്ല, 95-ാം വയസിലേക്ക് കടക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് വക്കംപുരുഷോത്തമൻ വെജിറ്റേറിയനായാലും നോൺ വെജായാലും ആസ്വദിച്ചു കഴിക്കും.പ്രഷറും ഷുഗറും ഏഴയലത്തു വന്നിട്ടില്ല.

നാളെയാണ് (ഏപ്രിൽ 12) 95-ാം ജന്മദിനം. പൂരം നക്ഷത്രത്തിലാണ് ജനനം. പക്ഷെ, ഇംഗ്ളീഷ് തീയതി നോക്കിയാണ് ആഘോഷം. ' ഭാനു പണിക്കർ- ഭവാനി ദമ്പതികളുടെ 10 മക്കളിൽ മുതിർന്നയാളാണ്.കുടുംബ കാരണവരായതിനാൽ പിറന്നാൾ ദിനത്തിൽ ബന്ധുക്കൾ എത്തും. കുമാരപുരത്തിന് സമീപത്തെ വീട്ടിൽ സദ്യവട്ടമുണ്ടാവും.

ഒരു വർഷത്തോളമായി യാത്രയില്ല. ശരീരഭാരം അല്പം കൂടിയിട്ടുണ്ട്. ഭാര്യയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടറുമായ ഡോ.ലില്ലിപുരുഷോത്തമനും മൂത്ത മകൻ അന്തരിച്ച ബിജു പുരുഷോത്തമന്റെ മകൾ അഞ്ജുവും കുടുംബവുമാണ് വീട്ടിലുള്ളത്.

. രാവിലെ പത്രവായന നിർബന്ധം. എട്ടര മണിക്ക് മുമ്പ് പ്രഭാത ഭക്ഷണം. ഇഡ്ഡലി, ദോശ തുടങ്ങി ഏത് ഐറ്റവും സ്വീകാര്യം. കൂടുതൽ കഴിക്കില്ലെന്ന് മാത്രം. ഒരു മണിക്ക് മുമ്പ് ഉച്ചഭക്ഷണം . ശേഷം അരമണിക്കൂർ മയക്കം. രാത്രിയിൽ രണ്ടോ മൂന്നോ ചപ്പാത്തിയിൽ ഒതുക്കും. വരാന്തയിലെ ചാരുകസേരയിൽ പുസ്തകവായനയിലാണ് അധിക സമയവും. ടി.വി വാർത്തകളും കാണും. കോൺഗ്രസുമായി ബന്ധപ്പെട്ട് അടുത്ത ദിവസമുണ്ടായ വിവാദം സൂക്ഷ്മം നിരീക്ഷിച്ചു, പക്ഷെ നോ കമൻഡ്.

ഉമ്മൻചാണ്ടി, എം.എം.ഹസൻ, പാലോട് രവി തുടങ്ങിയ നേതാക്കൾ വീട്ടിലെത്താറുണ്ട്. മറ്റു പല സഹപ്രവർത്തകരും വിളിക്കാറുണ്ട്. ഉറ്റ സൗഹൃദമുള്ള മറ്റൊരാൾ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്. മിക്കപ്പോഴും ഫോണിൽ ബന്ധപ്പെടാറുണ്ട്. മൂന്ന് തവണ സംസ്ഥാന മന്ത്രിയും രണ്ട് തവണ സ്പീക്കറും രണ്ട് തവണ എം.പിയും ആയ വക്കം , മഹാനായ ആർ.ശങ്കറിന്റെ നിർബന്ധംകൊണ്ടാണ് കോൺഗ്രസിലെത്തിയത്. അതിന് മുമ്പ് തിരുവനന്തപുരത്തെ തിരക്കുള്ള അഭിഭാഷകനായിരുന്നു. അക്കാലത്ത് കേരളകൗമുദിയും പത്രാധിപർ കെ.സുകുമാരനും നൽകിയ വലിയ പിന്തുണ അദ്ദേഹം അനുസ്മരിച്ചു.'രാഷ്ട്രീയ ജീവിതത്തിലും കേരള കൗമുദി വലിയ പിൻബലമായിരുന്നു'.

Advertisement
Advertisement