ശൈശവ വിവാഹം തടഞ്ഞ വ്യക്തിക്ക് '​പൊ​ൻ​വാ​ക്കി"ന്റെ പാ​രി​തോ​ഷി​കം

Tuesday 12 April 2022 12:02 AM IST

പാലക്കാട്: ശൈശവ വിവാഹം തടഞ്ഞ ജില്ലയിലെ ഒരാൾക്ക് 2500 രൂപ പാരിതോഷികം ലഭിച്ചു. ശിശുവികസന വകുപ്പിന്റെ 'പൊൻവാക്ക്' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാരിതോഷികം ലഭിച്ചത്. പെരുങ്ങോട്ടുകുറുശ്ശിൽ നടക്കാനിരുന്ന ശൈശവ വിവാഹം മുൻകൂട്ടി സർക്കാരിനെ അറിയിക്കുകയും തടയുകയും ചെയ്തതിനാണ് പാരിതോഷികം ലഭിച്ചത്. ആദ്യമായാണ് ഒരു വ്യക്തിക്ക് ഇത്തരത്തിൽ പാരിതോഷികം ലഭിക്കുന്നത്. ശൈശവ വിവാഹം തടയാനായി 2021-ലാണ് സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ജില്ലയിൽ ശൈശവ വിവാഹ നിരോധന ഓഫീസർമാരെയും നിയമിച്ചിട്ടുണ്ട്.

വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും

ശൈശവ വിവാഹം നടക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ജനങ്ങകൾക്ക് ഓഫീസർമാരെ അറിയിക്കാം. വിവരം നൽകുന്ന വ്യക്തിയുടെ പേരും തിരിച്ചറിയത്തക്ക വിവരങ്ങളും പരസ്യപ്പെടുത്തുകയോ വിവരാവകാശ നിയമപ്രകാരം നൽകുകയോ ചെയ്യുകയില്ല. വിവരങ്ങൾ ബ്ലോക്കുതലത്തിൽ പ്രവർത്തിക്കുന്ന ശൈശവ വിവാഹ നിരോധന ഓഫീസർമാർക്കോ, അതതു ജില്ലാ വനിതാ ശിശുവികസന പദ്ധതി ഓഫീസറുടെ ഫോണിലേക്കോ ponvakkuwcd@gmail.com എന്ന ഇ-മെയിലിലേക്കോ അയക്കാവുന്നതാണ്. നൽകുന്ന വിവരത്തൽ കുട്ടിയുടെ പേര്, രക്ഷാകർത്താവിന്റെ പേര്, മേൽവിലാസം എന്നിവ ഉണ്ടാകണം.

വിവാഹത്തിന് മുമ്പ് പരാതി നൽകണം

വിവാഹം നടക്കുന്നതിനുമുമ്പേ നൽകുന്ന പരാതിക്കാണ് പാരിതോഷികം നൽകുന്നത്. ഒരു ശൈശവവിവാഹത്തെ കുറിച്ച് ഒന്നിലധികം വ്യത്യസ്ത വ്യക്തികളിൽനിന്നും വിവരങ്ങൾ ലഭിച്ചാൽ ആദ്യംവിവരം നൽകുന്ന വ്യക്തിക്കായിരിക്കും പാരിതോഷികത്തിന് അർഹത. പാരിതോഷിക തുക വിവരം നൽകുന്ന വ്യക്തിക്ക് മണിഓർഡറായോ ബാങ്ക് അക്കൗണ്ട് വഴിയോ ആയിരിക്കും നൽകുക. പരാതികൾ നൽകാൻ ഫോൺ: 91889 69209, 0491- 2911098.

ലഭിച്ചത് 54 പരാതികൾ

2019-നും 2021-നും ഇടയിൽ 54 ശൈശവ വിവാഹ പരാതികളാണ് ശിശുവികസന വകുപ്പിന് ലഭിച്ചത്. ഇതിൽ 49 വിവാഹങ്ങൾ തടയാൻ കഴിഞ്ഞു. ഈ കാലയളവിൽ മലപ്പുറത്ത് 98 പരാതികളും വയനാട്ടിൽ 60 പരാതികളും ലഭിച്ചു. രണ്ടുവർഷം കഠിന തടവോ ഒരുലക്ഷം രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ശൈശവ വിവാഹം. ആരെങ്കിലും ശൈശവ വിവാഹം നടത്തുകയോ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്താലും സമാനമാണ് ശിക്ഷ.

Advertisement
Advertisement