'എന്റെ കേരളം' പ്രദർശന വിപണന മേള ജനങ്ങൾക്ക് ഉപകാരപ്രദമാകണം; മന്ത്രി കെ.കൃഷ്ണൻകുട്ടി

Tuesday 12 April 2022 12:04 AM IST

പാലക്കാട്: 'എന്റെ കേരളം' പ്രദർശന വിപണനമേള ജനങ്ങൾക്ക് ഉപകാരപ്രദമാകണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി എന്നീ വകുപ്പുകളുടെ സഹകരണത്തോടെ 28മുതൽ മെയ് നാലുവരെ 'എന്റെ കേരളം' എന്ന പേരിൽ ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ പ്രദർശന വിപണന മേള വിപുലമായി നടത്തുന്നതിന്റെ ഭാഗമായി നടന്ന സംഘാടക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ ഡാമുകൾ, ടൂറിസം, വനം എന്നിവയെ ബന്ധിപ്പിച്ചു കൊണ്ടുള്ള സ്റ്റാളുകൾ ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രി നിർദ്ദേശം നൽകി. ഇത്തരത്തിലുള്ള ആശയങ്ങൾ ഭാവിയിൽ ഉപയോഗപ്പെടുത്താൻ കഴിയും. കൃഷിക്കാരന് കൃഷിക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ പ്രിസിഷൻ ഫാമിംഗ്, മൈക്രോ ഇറിഗേഷൻ സ്‌കീമുകൾ, ശാസ്ത്രീയ കൃഷി തുടങ്ങിയ ഉൾപ്പെടുത്തിയുള്ള സ്റ്റാൾ ഉൾപ്പെടുത്താനും അദ്ദേഹം നിർദ്ദേശം നൽകി. അതോടൊപ്പം ഓരോ മേഖലകളുടെ സ്റ്റാളുകൾക്കും പുതിയ സാദ്ധ്യതകളെക്കുറിച്ച് ജനങ്ങൾക്ക് മാർഗനിർദ്ദേശം നൽകാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.

കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ.കെ.ഉണ്ണികൃഷ്ണൻ വിഷയാവതരണം നടത്തി. 56000 സ്‌ക്വയർഫീറ്റിലാണ് സ്റ്റാളുകൾ സജ്ജമാക്കുന്നത്. ഇലക്ട്രിക് ചാർജ്ജിംഗ് സ്റ്റേഷൻ, നെല്ലിയാമ്പതി റെസ്‌പോൺസിബിൾ ടൂറിസം, ശിരുവാണി പദ്ധതി പോലെ അസംബ്ലി മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നടന്നുവരുന്ന പദ്ധതികൾ ഉൾക്കൊള്ളിച്ചുള്ള സ്റ്റാളുകൾ സജ്ജീകരിക്കാവുന്നതാണെന്നും അഡ്വ. കെ.ശാന്തകുമാരി എം.എൽ.എ പറഞ്ഞു. ആലത്തൂരിൽ നടപ്പാക്കി വരുന്ന നിറ പദ്ധതി സ്റ്റാൾ ഉൾപ്പെടുത്തണമെന്ന് കെ.ഡി പ്രസേനൻ എം.എൽ.എ അഭിപ്രായപ്പെട്ടു. പട്ടാമ്പി നെല്ല് ഗവേണ കേന്ദ്രത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങൾ, വിവരങ്ങൾ കർഷകർക്ക് പരിചയപ്പെടുത്താവുന്ന രീതിയിൽ സ്റ്റാളിൽ ഉൾപ്പെടുത്താമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു. പ്രദർശനവിപണന മേള ആകർഷകമായ രീതിയിൽ നടത്തണമെന്ന് ജില്ലാ കളക്ടർ മൃൺമയീ ജോഷി പറഞ്ഞു. എല്ലാ വകുപ്പുകളും അവശേഷിക്കുന്ന പ്രവൃത്തി ദിവസങ്ങളിൽ പരമാവധി മികച്ചരീതിയിൽ സജ്ജീകരണങ്ങൾ പൂർത്തിയാക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ഫോട്ടോ.....'എന്റെ കേരളം' പ്രദർശന വിപണന മേളയുടെ ഭാഗമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സംഘാടക സമിതിയോഗം

Advertisement
Advertisement