വഴിപാടുകളും ഉത്സവവുമില്ല, പ്രാർത്ഥനകൾ മാത്രം

Tuesday 12 April 2022 12:14 AM IST
വിദ്യാനികേതൻ ഗുരുകുലത്തിലെ ശാരദ ക്ഷേത്രം

കോന്നി : പുനലൂർ - മുവാറ്റുപുഴ സംസ്ഥാനപാതയിലെ മുറിഞ്ഞകൽ, മ്ലാന്തടം ജംഗ്ഷന് സമീപത്തുള്ള വിദ്യാ നികേതൻ ഗുരുകുലത്തിലെ ശാരദാക്ഷേത്രത്തിൽ അർച്ചനയും വഴിപാടുകളും ഉത്സവവുമില്ല. ഇവിടെയുള്ളത് ഭക്തരുടെ പ്രാർത്ഥനകൾ മാത്രം. ഗുരു നിത്യചൈതന്യ യതിക്ക് ജന്മനാട്ടിലെത്തുമ്പോൾ താമസിക്കാനായി ഗുരുവിന്റെ മാതാവ് വാമാക്ഷിയമ്മ കുടുംബ വസ്തുവിൽ നിർമ്മിച്ചു നൽകിയ കെട്ടിടമാണ് വിദ്യാനികേതൻ ഗുരുകുലം. പിന്നീട് കെട്ടിടവും സമീപത്തെ 75 സെന്റ് സ്ഥലവും വർക്കല നാരായണ ഗുരുകുലത്തിന് എഴുതിനൽകി. നഗരത്തിന്റെ തിരക്കുകളില്ലാത്ത ശാന്തമായ അന്തരീക്ഷവും ഫലവൃക്ഷങ്ങൾ നിറഞ്ഞ ആശ്രമാന്തരീക്ഷവുമാണ് ഇവിടെയെത്തുന്നവരെ വരവേൽക്കുന്നത്. ഇവിടുത്തെ ശാരദാക്ഷേത്രത്തിൽ ഗുരു നിത്യചൈതന്യയതി ആണ് പ്രതിഷ്ഠ നടത്തിയത്. ഇതിനു സമീപത്തായി കൽവിളക്കുമുണ്ട്. 24 കഴുക്കോലുകൾ ഒരു കൂമ്പിൽ ചേരും വിധമാണ് ശാരദാക്ഷേത്രത്തിന്റെ മേൽക്കൂര നിർമ്മാണം. ആശ്രമത്തോട് ചേർന്ന് ശ്രീനാരായണഗുരുദേവന്റെയും ഗുരു നിത്യചൈതന്യ യതിയുടെയും പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. സമീപത്തെ കെട്ടിടത്തിൽ യതിയുടെ ഇംഗ്ലീഷിലെ 120 കൃതികളും മലയാളത്തിലെ 80 കൃതികളും ഉൾപ്പെട്ട ലൈബ്രറിയുമുണ്ട്. ഇപ്പോൾ നാരായണ ഗുരുകുലത്തിന്റെ ശാഖയായാണ് വിദ്യാനികേതൻ ഗുരുകുലം പ്രവർത്തിക്കുന്നത്.

ഗുരുവിന്റെ സഹോദരി ഡോ.സുമംഗലയോടൊപ്പം തിരുവനന്തപുരത്ത് താമസിച്ചിരുന്ന വാമാക്ഷിയമ്മയെ 1994 ൽ ഗുരു കൂട്ടിക്കൊണ്ടുവന്ന് ഇവിടെ താമസിപ്പിച്ചിരുന്നു. അമ്മയെ നോക്കാനായി വർക്കല നാരായണ ഗുരുകുലത്തിലെ ത്യാഗീശ്വരൻ എന്ന സന്യാസിയെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹമാണ് ആശ്രമത്തിന്റെ ഇപ്പോഴത്തെ അധിപതി. 1999 മെയ് 14 നാണ് ഗുരു സമാധിയായത്. എല്ലാവർഷവും വിഷുവിനും ഗുരുവിന്റെ ജന്മദിനമായ നവംബർ രണ്ടിനും ഇവിടെ ശിഷ്യൻമാർ ഒത്തു കൂടും.

ശിവഗിരിയിൽ ശ്രീനാരായണഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ശാരദാമഠത്തിന്റെ മാതൃകയിലുള്ള ആചാരങ്ങളുമാണ് ഗുരു നിത്യചൈതന്യ യതി പ്രതിഷ്ഠ നടത്തിയ ഇവിടുത്തെ ശാരദ ക്ഷേത്രത്തിലുമുള്ളത്. അഡ്വ. കെ.എൻ.സത്യാനന്ദപണിക്കർ

(ഗുരു ധർമ്മ പ്രചാരണ സഭ കേന്ദ്ര സമിതി അംഗം )

Advertisement
Advertisement