മധുര അമ്പഴം മുതൽ ഐസ്ക്രീം ബീൻ വരെ, രുചി വിളയുന്നു റിബുവിന്റെ വിസ്മയത്തോട്ടത്തിൽ

Tuesday 12 April 2022 12:15 AM IST
റിബു ഏബ്രഹാം ജോൺ

പത്തനംതിട്ട : സൗദി അറേബ്യയിൽ എൻജിനിയറായിരുന്ന റിബു ഏബ്രഹാം ജോൺ അവധിക്ക് വരുമ്പോൾ സമയംകണ്ടെത്തി വീടിന്റെ പറമ്പിൽ നട്ടിരുന്ന ഫലവൃക്ഷത്തൈകൾ വളർന്നു. അതിപ്പോൾ ഒന്നാന്തരം തോട്ടമായി. മൂന്നര ഏക്കറിൽ 150ൽപ്പരം വ്യത്യസ്തങ്ങളായ ഫലവൃക്ഷങ്ങൾ. മധുര അമ്പഴം
മുതൽ ഐസ്‌ക്രീം ബീൻ വരെ. മല്ലപ്പള്ളിയിലാണ് ആരെയും കൊതിപ്പിക്കുന്ന ഈ പഴത്തോട്ടവിസ്മയം.

മാവ്, ചക്ക, ചാമ്പ, പേരയ്ക്ക, ആപ്പിൾ, സപ്പോട്ട, ഡ്രാഗൺ, മൾബറി, റമ്പൂട്ടാൻ, ചെറി, ഓറഞ്ച്, അമ്പഴം, പാഷൻ ഫ്രൂട്ട്, ഐസ്‌ക്രീം ബീൻ എന്നിങ്ങനെ നീളുന്നു പട്ടിക. രണ്ടുകൊല്ലമായി ഇവയുടെ സംരക്ഷണത്തിന് റിബു നാട്ടിൽത്തന്നെയുണ്ട്. വിയറ്റ്‌നാം സൂപ്പർ ഇയർലി ചക്കയുടെ മാത്രം 120 മരങ്ങൾ ഉണ്ട്. ചക്കയുടെ 30ഉം മാവിന്റെ 29ഉം വ്യത്യസ്ത ഇനങ്ങളും. എല്ലാവിളകളുടെയും വ്യത്യസ്തയിനങ്ങൾ ഇൗ തോട്ടത്തിലുണ്ട്. ചാണകവും ചകിരിയും ജൈവവളവുമാണ് ഉപയോഗിക്കുന്നത്. ചീരമറ്റത്ത് ജോൺ ഏബ്രഹാം ശോശാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിനി. മക്കൾ: കെയ്ത്ത്, ക്രിസ്.

വിളയുന്നു ഇടവിളയും

സപ്പോട്ട, മാംഗോ, മാങ്കോസ്റ്റിൻ, പുലാസൻ, മധുര അമ്പഴം, മിറക്കിൾഫ്രൂട്ട്, മൾബറി, റൊള്ളീനിയ, റെയ്ൻ ഫോറസ്റ്റ് പം, സ്റ്റാർ ആപ്പിൾ, സ്റ്റാർ ഫ്രൂട്ട്, അബിയു, മലേഷ്യൻ റംബൂട്ടാൻ, അവക്കാഡോ, ദുരിയാൻ, കെപ്പൽ, ഐസ്‌ക്രീം ബീൻ, ബ്രെഡ് ഫ്രൂട്ട്, വെൽവറ്റ് ആപ്പിൽ, ചെമ്പടക്ക്, ഇസ്രായേൽ ഫിഗ്, മധുര ഓറഞ്ച്, പേര, ചാമ്പ, പപ്പായ, ലോംഗൻ, മുള്ളാത്ത, ജംബോട്ടിക്ക, പാഷൻ ഫ്രൂട്ട്, നെല്ലി, സീതപ്പഴം, ഡ്രാഗൺ ഫ്രൂട്ട്, ഞാവൽ തുടങ്ങിയവയാണ് പ്രധാനമായുമുള്ളത്. ഇഞ്ചിയും മഞ്ഞളും ചേമ്പും ചേനയും കാച്ചിലും, കുരുമുളകുമെല്ലാം ഇടവിളയായി വളരുന്നു.

തൈവില 2500 വരെ

30 മുതൽ 2500 രൂപ വരെ വിലയുള്ള തൈകൾ വില്പനയ്ക്കുണ്ട്

മാന്നി സപ്പോർട്ടയ്ക്ക് 2500 രൂപയാണ് വില

മാവിൻ തൈകൾക്ക് 200 രൂപ മുതൽ

" വീട്ടിൽ നേരത്തെ കൃഷിയുണ്ട്. വിദേശത്തായിരുന്നെങ്കിലും നാട്ടിൽ വരുമ്പോഴെല്ലാം വിത്തും മരത്തൈകളും ശേഖരിക്കുമായിരുന്നു. കൃത്യമായി ഒരു നേരം വെള്ളം ഒഴിച്ച് നൽകും. കേരളത്തിലെ കാലാവസ്ഥയ്ക്ക് വളരുന്ന ഫലവൃക്ഷങ്ങളാണ് എല്ലാം. അതുകൊണ്ട് പ്രത്യേക ഒരുക്കങ്ങളുടെയൊന്നും ആവശ്യം വേണ്ടി വന്നില്ല. "

റിബു ഏബ്രഹാം ജോൺ

Advertisement
Advertisement