യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, പീഡനമെന്ന് ആരോപണം

Tuesday 12 April 2022 1:13 AM IST

കിഴക്കേകല്ലട: പിതൃസഹോദരിക്ക് വാട്സ് ആപ്പ് സന്ദേശമയച്ചശേഷം യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. യുവതി ആത്മഹത്യ ചെയ്തത് ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പീഡനം സഹിക്കാനാകാതെയെന്ന് ബന്ധുക്കളുടെ ആരോപണം.

ഉപ്പൂട് അജയഭവനത്തിൽ അജയന്റെ ഭാര്യ സുവ്യയെയാണ് (32) ഞായറാഴ്ച രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് ഭർതൃവീട്ടിലെ പീഡനം സംബന്ധിച്ച് സുവ്യ അയച്ച ശബ്ദസന്ദേശം ബന്ധുക്കൾ പുറത്തുവിട്ടു. കടയ്ക്കോട് സുവ്യ ഭവനിൽ സുഗതന്റെയും അമ്പിളിയുടെയും മൂത്തമകളാണ് സുവ്യ. സുവ്യയും ഭർതൃമാതാവായ എഴുപത്തിയഞ്ചുകാരി വിജയമ്മയും തമ്മിൽ സ്ഥിരമായി വഴക്കിട്ടിരുന്നു.

സംഭവദിവസം രാവിലെയും വഴക്ക് നടന്നു. ഇതിനിടയിൽ എട്ടോടെ സുവ്യ മുറിക്കുള്ളിൽ കയറി കതകടച്ചു. ഈസമയം അജയൻ വീടിന്റെ ഉമ്മറത്ത് പത്രം വായിച്ചിരിക്കുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാതിരുന്നതോടെ അജയൻ മുട്ടിവിളിച്ചു. പിന്നീട് അയൽവാസികളുടെ സഹായത്തോടെ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഇവർ 2014ലാണ് ആണ് വിവാഹിതരായത്. ആറു വയസുകാരൻ ശ്രീപാദ് മകനാണ്. അജയൻ മുമ്പ് ഗൾഫിലായിരുന്നു. ഇപ്പോൾ പെയിന്റിംഗ് തൊഴിലാളിയാണ്. സുവ്യയുടെ ബന്ധുക്കളുടെ പരാതിയിൽ കിഴക്കേകല്ലട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭർത്താവും ഭർതൃമാതാവും സുവ്യയെ മർദ്ദിക്കാറുണ്ടെന്ന് സഹോദരൻ വിഷ്ണുവും ആരോപിച്ചു. എം.സി.എ ബിരുദധാരിയായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ എഴുകോണിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

സുവ്യയുടെ ശബ്ദസന്ദേശം

‘ഞാൻ പോവുകയാ… എനിക്കീ ജീവിതം വേണ്ട. എല്ലാവരോടും പറഞ്ഞേക്കണം, എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇവിടത്തെ വിജയമ്മയാണ് കാരണക്കാരി. അവർ എന്നെ പീഡിപ്പിച്ചു. എന്നും വഴക്കാണ്. എന്നും ഇറങ്ങിപ്പോ എന്നു പറയും. അവരും മോനും ചേർന്നാണ് എല്ലാം. അയാൾ ഒരക്ഷരം മിണ്ടില്ല. അവർ ഇറങ്ങിപ്പോ എന്ന് പറയുമ്പോൾ ചിരിച്ചുകൊണ്ടിരിക്കുകയല്ലാതെ ഒന്നും പറയില്ല. ഇവിടന്ന് ഇറങ്ങിപ്പോ എന്ന് പറഞ്ഞ് രാവിലെ തൊട്ട് ചീത്തവിളിയാണ്. എന്റെ കൊച്ചിനെ എങ്ങനെയായാലും വീട്ടിലാക്കണം. എന്ത് സംഭവിച്ചാലും ഇവിടെ നിറുത്തരുത്. എനിക്ക് വയ്യ. മടുത്തു, സഹിക്കാൻ പറ്റുന്നതിന്റെ പരമാവധിയാണ്. അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം. എനിക്ക് പറ്റാത്തതുകൊണ്ടാണ്’.

Advertisement
Advertisement