ഗുണ്ടാവിളയാട്ടത്തിന് ലോക്കിടും, കരുതൽ തടങ്കൽ വൈകിപ്പിക്കരുതെന്ന് മുഖ്യമന്ത്രി

Tuesday 12 April 2022 1:40 AM IST

 ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

കേരളകൗമുദി ചൂണ്ടിക്കാട്ടിയ പിഴവുകൾ തിരുത്തും

തിരുവനന്തപുരം: കൊലവെറിയുമായി നാടുവിറപ്പിക്കുന്ന ഗുണ്ടകളെ ഗുണ്ടാനിയമം ചുമത്തി ജയിലിലടയ്ക്കാൻ പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിർദ്ദേശം നൽകി. ഗുണ്ടാനിയമം ചുമത്താൻ പൊലീസ് നൽകുന്ന അപേക്ഷകളിൽ ജില്ലാകളക്ടർമാർ സമയബന്ധിതമായി തീരുമാനമെടുക്കണം. തീരുമാനം വൈകിപ്പിക്കുന്നതിന്റെ ആനുകൂല്യം ഗുണ്ടകൾക്ക് ലഭിക്കരുത്. സബ്കളക്ടർമാർ ഇക്കാര്യം നിരന്തരമായി നിരീക്ഷിക്കണമെന്നും ചീഫ്സെക്രട്ടറിയുമായും ഉന്നത പൊലീസുദ്യോഗസ്ഥരുമായും നടത്തിയ ആശയവിനിമയത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ഗുണ്ടാനിയമം ചുമത്താൻ കളക്ടർക്കുള്ള അപേക്ഷയിൽ കേസ് വിവരങ്ങൾ തെറ്റിച്ച് ഗുണ്ടകളെ രക്ഷിക്കുന്നതായ 'കേരളകൗമുദി' റിപ്പോർട്ടിലും മുഖ്യമന്ത്രി ഇടപെട്ടു. സ്റ്രേഷനുകളിലെ ഗുണ്ടാലിസ്റ്റ് പുതുക്കാനും ക്രിമിനലുകളുടെ 7വർഷത്തെ കേസ് ചരിത്രം പിഴവുകളില്ലാതെ ശേഖരിക്കാനുമുള്ള നടപടികൾ ഏകോപിപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിമാരുടെ ഓഫീസിൽ നോഡൽ ഓഫീസറെ നിയോഗിക്കും. ഗുണ്ടാനിയമം ചുമത്താനുള്ള അപേക്ഷകൾ തീർപ്പാക്കാൻ കളക്ടറുമായി നിരന്തരം ആശയവിനിമയം നടത്താനുള്ള ചുമതലയും ഈ ഉദ്യോഗസ്ഥനായിരിക്കും. ഗുണ്ടാനിയമം ചുമത്തുന്നതിന്റെയും ഗുണ്ടാവേട്ടയുടെയും പുരോഗതി ചീഫ്സെക്രട്ടറിയും പൊലീസ് മേധാവിയും ആറുമാസത്തിലൊരിക്കൽ വിലയിരുത്തും. അപേക്ഷകളിൽ വേഗത്തിൽ തീർപ്പാക്കാൻ കളക്ടർമാരുടെ യോഗം വിളിച്ച് ചീഫ്സെക്രട്ടറി നിർദ്ദേശിക്കും. 140അപേക്ഷകളിലാണ് കളക്ടർമാർ തീരുമാനമെടുക്കാനുള്ളത്.

രാഷ്ട്രീയ സ്വാധീനമുള്ള ഗുണ്ടകളെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്താത്തതടക്കമുള്ള അട്ടിമറികൾ കണ്ടെത്താൻ ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. രാഷ്ട്രീയ-മാഫിയ സമ്മർദ്ദം കാരണം ഗുണ്ടാലിസ്റ്റിൽ പഴുതുകൾ ഉണ്ടാവാതിരിക്കാൻ ഡി.ഐ.ജിമാരുടെ സെല്ലുണ്ടാക്കും. ഗുണ്ടാലിസ്റ്റുണ്ടാക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ ഇടപെടാറില്ലെന്നും ഏതെങ്കിലും പൊലീസുകാരനെ ചുമതലപ്പെടുത്തുകയാണെന്നും 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയിരുന്നു.

ഗുണ്ടകൾക്ക് മയക്കുമരുന്നെത്തിക്കുന്നവരും അതിന്റെ വിതരണക്കാരുമായ സ്ഥിരം ക്രിമിനലുകളെയും ഗുണ്ടാലിസ്റ്റിൽപെടുത്തി അകത്താക്കും. ഡി.ജി.പി അനിൽകാന്ത്, എ.ഡി.ജി.പിമാരായ മനോജ്എബ്രഹാം, വിജയ്സാക്കറെ, എസ്.ശ്രീജിത്ത് എന്നിവരുമായാണ് മുഖ്യമന്ത്രി ആശയവിനിമയം നടത്തിയത്.

Advertisement
Advertisement