ചർച്ച് ബില്ലിൽ ഓർത്തഡോക്‌സ് നിലപാട് അപലപനീയം

Wednesday 13 April 2022 3:07 AM IST

കൊച്ചി: ഭരണപരിഷ്‌കാര കമ്മിഷൻ മുന്നോട്ടുവച്ച മലങ്കര ചർച്ച് ബില്ല് അംഗീകരിക്കില്ലെന്ന ഓർത്തഡോക്‌സ് സഭയുടെ നിലപാട് ജനാധിപത്യവിരുദ്ധവും ഭരണഘടനാ അവകാശങ്ങളെ ചോദ്യം ചെയ്യുന്നതുമാണെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ അഭിപ്രായപ്പെട്ടു.

സഭയുടെ സ്വത്ത് വിശ്വാസികൾക്ക് അവകാശപ്പെട്ടതാണ്. ഏതാനും വൈദികരുടെ ധാർഷ്ട്യത്തിനു വിധേയമായി ഒരു പ്രത്യേകവിഭാഗത്തിന് സ്വത്തുക്കൾ സ്വന്തമാക്കാനുള്ളതല്ല. ക്രൈസ്തവർക്ക് സഭാസ്വത്തുക്കളുടെ ഭരണം ജനാധിപത്യപരമായി കൈകാര്യം ചെയ്യാവുന്നവിധം ചർച്ച് ആക്ട് നടപ്പാക്കണം.

പരിഷ്‌കരിച്ച കുർബാനയുടെ പേരിൽ വിശ്വാസികളെ തെരുവിൽ ഏറ്റുമുട്ടിക്കുന്ന സിറോ മലബാർ മെത്രാന്മാരുടെ നിലപാടിൽ കൗൺസിൽ പ്രതിഷേധിച്ചു.

പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജേക്കബ് മാത്യു, അഡ്വ. വർഗീസ് പറമ്പിൽ, ജോർജ് കട്ടിക്കാരൻ, സ്റ്റാൻലി പൗലോസ്, അഡ്വ. ഹൊർമീസ് തരകൻ, ജോസഫ് വെളിവിൽ, ലോനൻ ജോയ്, വി.ജെ. പൈലി, ആന്റോ കൊക്കാട്ട്, ജെറോം പുതുശേരി, ജോർജ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement