2,000 കുടുംബങ്ങൾക്ക് കൂടി പുതിയ ലൈഫ്

Wednesday 13 April 2022 3:25 AM IST

കൊച്ചി: ലൈഫ്‌‌മിഷൻ ഭവനപദ്ധതി വഴി ജില്ലയിൽ 2,000 കുടുംബങ്ങൾക്ക് കൂടി 'സ്വപ്‌നവീട്" ഒരുങ്ങുന്നു. സർക്കാരിന്റെ 100ദിന കർമ്മപദ്ധതിയുടെ ഭാഗമായി ലൈഫ്‌മിഷനിൽപ്പെടുത്തിയാണ് ജില്ലയിൽ അടച്ചുറപ്പുള്ള 2,000 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നത്. സ്വന്തമായി ഭൂമിയുള്ളവർക്കും ഇല്ലാത്തവർക്കും വീടെന്ന ഉറപ്പാണ് ലൈഫ്‌‌മിഷൻ നൽകുന്നത്.

ആദ്യ രണ്ടുഘട്ടങ്ങളിലായി ഭൂവുടമകളായ 18,918 പേർ ജില്ലയിൽ സുരക്ഷിത ഭവനങ്ങളുടെ ഉടമകളായി. ഭൂരഹിതരായവർക്കുള്ള ഭവന സമുച്ചയങ്ങളിലും നിരവധി പേർ താമസമാരംഭിച്ചു.

ലൈഫ് ഭവന സുരക്ഷാ പദ്ധതി ജനകീയ പങ്കാളിത്തത്തോടെ കൂടുതൽ ഗുണഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിൽ നടപ്പാക്കുന്ന 'മനസ്സോടിത്തിരി മണ്ണ്" പദ്ധതിയും ജില്ലയിൽ പുരോഗമിക്കുന്നു. ഭൂമിയോ ഭൂമിയുടെ വിലയോ ഗുണഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

അർഹരായ കൂടുതൽ പേർക്ക് ലൈഫ്‌‌മിഷൻ പദ്ധതിയുടെ നേട്ടമെത്തിക്കാൻ പുതിയ അപേക്ഷകളുടെ പരിശോധനയും പുരോഗമിക്കുന്നു. അവസാനപട്ടിക തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള പരിശോധനകളാണ് നടക്കുന്നത്. 56,000ത്തോളം പേരാണ് പുതിയ അപേക്ഷകർ.

Advertisement
Advertisement