ജില്ലയിൽ ഞങ്ങളും കൃഷിയിലേക്ക്: 730 കൃഷി കൂട്ടായ്മകൾ, 750 ഹെക്ടറിൽ കൃഷി

Wednesday 13 April 2022 12:44 AM IST

കൊല്ലം: സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമായി എല്ലാ കുടുംബങ്ങളിലും കൃഷി എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി പ്രകാരം ജില്ലയിൽ സജ്ജമാകുന്നത് 730 കൃഷി കൂട്ടായ്മകൾ. ഇതോടെ ജില്ലയിൽ പുതുതായി 750 ഹെക്ടർ ഭൂമിയിൽ കൃഷി ആരംഭിക്കും.

സംസ്ഥാനത്ത് 10,000 കർഷക ഗ്രൂപ്പുകൾ 10,000 ഹെക്ടർ സ്ഥലത്താണ് പദ്ധതിയിൽ കൃഷി തീരുമാനിച്ചിരിക്കുന്നത്. കൂടാതെ 140 ഹരിത പോഷക കാർബൺതുലിത ഗ്രാമങ്ങളും ഒരുങ്ങും. പദ്ധതിയുടെ നടത്തിപ്പിനായി ഒരു തദ്ദേശസ്ഥാപനത്തിൽ മിനിമം 10 കർഷക ഗ്രൂപ്പുകൾ രൂപീകരിക്കും. കർഷകർ, കർഷക തൊഴിലാളികൾ, സ്ത്രീകൾ, യുവാക്കൾ, പ്രവാസികൾ, റസിഡൻസ് അസോസിയേഷനുകൾ, കുട്ടികൾ എന്നിവർ ഉൾപ്പെടുന്നതായിരിക്കും കൃഷിക്കൂട്ടങ്ങൾ. 5മുതൽ 10 വരെ അംഗങ്ങൾ ഒരു ഗ്രൂപ്പിലുണ്ടാവും. 10 സെന്റ് മുതൽ രണ്ടര ഏക്കർ വരെ ഭൂമി ഓരോ ഗ്രൂപ്പിനും ഏറ്റെടുക്കാം. ഒറ്റയ്ക്കും ഗ്രൂപ്പായും കൃഷി ചെയ്യാം. ജില്ലയുടെ ചുമതലയുള്ള മന്ത്രി ചെയർമാനായി ജില്ലാതല ഏകോപന സമിതിയും തദ്ദേശസ്ഥാപന മേധാവി അദ്ധ്യക്ഷനായി പഞ്ചായത്ത് തല സമിതിയും വാർഡ് മെമ്പർ അദ്ധ്യക്ഷനായി വാർഡ് സമിതിയും രൂപീകരിക്കും.

വാർഡ്തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വാർഡിൽ ഒന്ന് എന്ന ക്രമത്തിൽ മാസ്റ്റർ കർഷകൻ ഉണ്ടാവും. ഒരു വാർഡിൽ 5 കുടംബങ്ങളെ ഉത്തമ കൃഷി കുടുംബമായി തിരഞ്ഞെടുത്ത് പദ്ധതിയുടെ സന്ദേശവാഹകരാക്കും. വാർഡ്തല സമിതികൾ വാർഡുകൾക്ക് ഇണങ്ങുന്ന വിള നിർണയ, ഉത്പാദന, വിപണന രേഖ തയ്യാറാക്കും. വാർഡ്തല പ്ളാൻ പഞ്ചായത്ത് തലത്തിൽ ക്രോഡീകരിക്കും. പിന്നീട് ജില്ലാതല വിള നിർണയവും ഉത്പാദന രേഖയും തയ്യാറാക്കും.

ഏറെയുണ്ട് സഹായങ്ങൾ

 കൃഷി വകുപ്പിൽ നിന്നുള്ള ധനസഹായം

 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം

 കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്നുള്ള ധനസഹായം

 ബാങ്ക് വായ്പ

 പ്രാഥമിക സഹകരണ ബാങ്കുകളുടെ ഫണ്ട്

 വിത്തുകളും തൈകളും കൃഷി ഭവനുകൾ വഴി

അഗ്രിക്കൾച്ചർ കാർബൺ ഫാമിംഗ് യൂണിറ്റ്

 ഒരു യൂണിറ്റിൽ 25 മരങ്ങൾ

 മാവ്, പ്ളാവ്, പപ്പായ, സപ്പോട്ട, ആത്തക്ക, മാതളം, ശീമപ്ളാവ്, മുരിങ്ങ, നെല്ലി

 10 മരങ്ങളിൽ ഏതെങ്കിലും 25 എണ്ണം ഒറ്റയ്ക്കോ കൂട്ടായോ തിരഞ്ഞെടുക്കാം

 നാടൻ മാവ്, നാടൻ പ്ളാവ്, നാടൻ ഫലവൃക്ഷങ്ങൾ എന്നിവയ്ക്ക് മുൻഗണന

ജനങ്ങൾ ആവേശത്തോടെ പദ്ധതിയെ വരവേൽക്കുന്നു. നല്ല പ്രതീക്ഷയുണ്ട്. വലിയ വിജയമാകും

പി. പ്രസാദ്, കൃഷി മന്ത്രി

Advertisement
Advertisement