ജില്ലയിൽ നശിച്ചത് 96.45 ഹെക്ടർ കൃഷി; കടക്കെണിയിൽ കർഷകർ

Wednesday 13 April 2022 1:20 AM IST
കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും നശിച്ച അരീക്കോട് ആലുക്കലിലെ വാഴക്കൃഷി

മലപ്പുറം: വേനൽ മഴയും കാറ്റും ശക്തിയാവുന്നതോടെ നെൽപാടങ്ങളിലേയും വാഴതോട്ടങ്ങളിലേയും നാശനഷ്ടങ്ങളേറുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിലായി പെയ്ത മഴയിലും കാറ്റിലും വിവിധയിടങ്ങളിലാണ് കർഷകരെ ദുരിതത്തിലാക്കും വിധം കൃഷിനശിച്ചത്. മാർച്ച് ഒന്ന് മുതൽ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 96.45 ഹെക്ടർ കൃഷി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നശിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമുണ്ടായ നാശനഷ്ടത്തിന്റെ കണക്കും ഭീമമായിരുന്നു. എന്നിട്ടും കൃഷിയെ ചേർത്തുപിടിച്ച് കര കയറാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയ്ക്കാണ് കർഷകർക്ക് കാറ്റും മഴയും വീണ്ടും വില്ലനാവുന്നത്.

കൂടുതൽ നാശനഷ്ടം സംഭവിച്ചിട്ടുള്ളത് വാഴ കൃഷിക്കാണ്. എത്ര തന്നെ കെട്ടി നിറുത്തി ബലം നൽകിയാലും കാറ്റും മഴയുമെത്തി വാഴ ഒടിയുന്നത് പ്രധാന പ്രതിസന്ധിയാണ്. ഹെക്ടർ കണക്കിന് നെൽകൃഷിയും നശിച്ചിട്ടുണ്ട്. കവുങ്ങ്, മറ്റു പച്ചക്കറി കൃഷികൾ തുടങ്ങിയവയും ആകെയുള്ള നാശനഷ്ട കണക്കിൽ ഉൾപ്പെടും.

അമിത ചെലവ് കർഷകരെ കടക്കെണിയിലാക്കുമോ ?

ഇത്തവണ കർഷകർക്ക് പ്രധാന സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയത് രാസവളത്തിന്റെ അമിത വിലയായിരുന്നു. നെൽ കർഷകരടക്കം വലിയ വില കൊടുത്താണ് വളങ്ങൾ വാങ്ങിച്ചിരുന്നത്. 850 രൂപയുണ്ടായിരുന്ന പൊട്ടാഷിന് 1,015 രൂപയായും 50 കിലോഗ്രാമിന്റെ ഫാക്ടം ഫോസിന് 1,190 രൂപയുണ്ടായിരുന്നത് 1,390 രൂപയായും വർദ്ധിച്ചിരുന്നു. നെൽ കർഷകർക്ക് ഒന്നാം വിളയും രണ്ടാം വിളയും കൃത്യ സമയത്ത് ഇറക്കേണ്ടതിനാൽ വില വർദ്ധനവ് കാര്യമായി ബാധിച്ചു.

ഇനിയും കൊടുക്കാനുള്ളത് 3.10 കോടി രൂപ

ജില്ലയിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് ഇതുവരെ വിതരണം ചെയ്തത് 89 ലക്ഷം രൂപയാണ്. നാല് കോടിയോളം രൂപയാണ് ആകെ അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യാനുണ്ടായിരുന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും 3.10 കോടി രൂപ ഇനിയും സർക്കാർ കൊടുത്ത് തീർന്നിട്ടില്ല. കർഷകർക്ക് കൃഷി നശിച്ചാൽ ആകെയുള്ള പ്രതീക്ഷ തുച്ഛമായ ഈ നഷ്ട പരിഹാര തുകയാണ്. ലോണെടുത്തും മറ്റും കൃഷിയിറക്കുന്നവർ നഷ്ട പരിഹാര തുക കിട്ടാൻ വൈകുന്നതോടെ ഏറെ പ്രതിസന്ധിയിലാവും. പാട്ട തുക പോലും നൽകാൻ കഴിയാത്തവരാണ് പല കർഷകരും.

മാർച്ച് ഒന്ന് മുതൽ ഇതുവരെ നശിച്ചത്

  • ആകെ നശിച്ച കൃഷി - 96.45 ഹെക്ടർ
  • വാഴ - 45 ഹെക്ടർ
  • നെല്ല് - 36 ഹെക്ടർ

വലിയ ലാഭമുണ്ടായിട്ടില്ല, ചെറുപ്പം തൊട്ടേ ശീലിച്ചതാണ്...

960 രൂപയായിരുന്നു കഴിഞ്ഞ വർഷം വാഴ കൃഷിക്ക് വളം വാങ്ങിക്കാൻ ചെലവായിരുന്നത്. ഇപ്പോൾ വളത്തിന് മാത്രം 1,800 രൂപയോളം ചെലവുണ്ട്. ജോലിയ്ക്ക് വരുന്നവർക്ക് ഉച്ചയാവുമ്പോഴേക്കും 750 രൂപ കൂലിയും കൊടുക്കണം. ഇതിനിടയിൽ ഇത്തരം നാശ നഷ്ടമുണ്ടായാൽ എന്തു ചെയ്യാനാണ് ? അരീക്കോട് ആലുക്കലിലെ കർഷകനായ അബ്ദുൽ ലത്തീഫ് നിരാശയോടെ ചോദിക്കുന്നതാണിത്. 2,500 വാഴയാണ് ഇത്തവണ ലത്തീഫ് പാട്ടത്തിനെടുത്ത ഭൂമിയിൽ വച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി 150 ഓളം വാഴകൾ നശിച്ചു. എന്തായാലും കഴിഞ്ഞ വർഷത്തെ അത്രയൊന്നും നശിക്കാതിരുന്നാൽ ഭാഗ്യമെന്ന് കരുതാം. വലിയ ലാഭമുണ്ടായിട്ടല്ല ലത്തീഫ് കൃഷി ചെയ്യുന്നത്. ചെറുപ്പം തൊട്ടെ കൃഷിയുമായുള്ള ബന്ധമാണ് ഇപ്പോഴും പിടിച്ചു നിറുത്തുന്നത്. വിൽപ്പനയ്ക്കൊപ്പം സ്നേഹിതർക്കും മറ്റു കൂട്ടുകാർക്കുമെല്ലാം വാഴക്കുല നൽകാറുമുണ്ട്. വില കുറഞ്ഞാലും കൂടിയാലും കൃഷിയിൽ നിൽക്കുമെന്ന് ലത്തീഫ് പറയുന്നു. എന്നാൽ അധികമാളുകളും നിത്യ ജീവിതത്തിനായി കൃഷി ചെയ്യുന്നവരാണ്. അവർക്ക് ഇത്തരം നാശനഷ്ടങ്ങൾ വലിയ തിരിച്ചടിയാവുമെന്നും ലത്തീഫ് പറയുന്നു.

Advertisement
Advertisement