വിഷുവിന് സ്റ്റാറായി കേരള ചിക്കൻ

Thursday 14 April 2022 12:02 AM IST
ചിക്കൻ

കോഴിക്കോട്: ഗുണമേന്മയുള്ള ചിക്കൻ മിതമായ നിരക്കിൽ നൽകുക എന്ന ലക്ഷ്യത്തോടെ സർക്കാ‌ർ ആരംഭിച്ച കേരള ചിക്കന് വിഷുവിന് ആവശ്യക്കാരേറെ. മറ്റ് ദിവസങ്ങളിൽ 150 കിലോ മുതൽ 200 കിലോ വരെ പോയിരുന്ന സ്ഥാനത്ത് ഇന്നും നാളെയുമായി 1000 കിലോ വരെ ഓർഡറുകൾ പല ഔട്ലെറ്റിലും വന്നുകഴിഞ്ഞു. കോഴിവില കുതിച്ചുയരുമ്പോൾ സാധാരണക്കാർക്ക് വലിയൊരാശ്വാസമാണ് കേരള ചിക്കൻ. മറ്റ് ചിക്കൻ സ്റ്റാളുകളിൽ നിന്നും 20 രൂപ വരെ കുറവ് വില ഇവിടെ ലഭിക്കും. 2018–19 വാർഷിക ബഡ്‌ജറ്റിലാണ് കേരള ചിക്കൻ പദ്ധതി അന്നത്തെ ധനമന്ത്രി ടി.എം. തോമസ് ഐസക് പ്രഖ്യാപിച്ചത്. കുടുംബശ്രീ പ്രവർത്തകർക്കാണ് നടത്തിപ്പുചുമതല. 2021 മാർച്ചിലാണ് ഫാം തുടങ്ങിയത്. ആഗസ്റ്റിൽ ഔട്ലെറ്റും ആരംഭിച്ചു. എറണാകുളത്തുള്ള കരാറിലേർപ്പെട്ട കമ്പനി ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ ഫാമിലെത്തിക്കും. കോഴിത്തീറ്റ കേരള ചിക്കൻ നൽകും. കോഴി വളർത്തലിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ കർഷകർ ഒരുക്കണം. വളർച്ചയെത്തിയ കോഴികൾക്ക് കിലോയ്ക്ക് 13 രൂപ വരെ നൽകി തിരിച്ചെടുക്കും. സൂപ്പർവൈസർമാർ ഫാമുകളിൽ പരിശോധനയും നടത്തും. വളർത്തുക എന്ന പണി മാത്രമായതിനാൽ കോഴിത്തീറ്റ വിലവർദ്ധന കർഷകരെ ബാധിക്കുകയുമില്ല.

 കേരള ചിക്കൻ കോഴി വില മീറ്റിന് (ഇന്നലെ)- 187

 കോഴി മൊത്തം തൂക്കി നൽകുന്നത്- 122

 പൊതുവിപണി- 200

 ജില്ലയിലെ ഔട്ട്ലെറ്റ്- 10

 ഫാം- 35

ജില്ലയിലെ ഔട്ലെറ്റുകൾ

നന്മണ്ട, നടുവണ്ണൂർ, ഉള്ള്യേരി, അത്തോളി, കൂട്ടാലിട, കായണ്ണ, പേരാമ്പ്ര, തൊട്ടിൽപാലം, കക്കട്ടിൽ, തൂണേരി

വിഷു പ്രമാണിച്ച് വലിയ ഓർഡറുകളാണ് എത്തുന്നത്. കഴിഞ്ഞ ഓണത്തിനും ഇതായിരുന്നു അവസ്ഥ.

ജിനുൽ സുരേഷ്,

മാർക്കറ്റിംഗ് എക്സിക്യുട്ടീവ്,

കോഴിക്കോട്

ജില്ലാ കേരള ചിക്കൻ

Advertisement
Advertisement