ക്ളാസെടുപ്പ് മാത്രമല്ല ഇനി അദ്ധ്യാപക പരിശീലനം

Friday 15 April 2022 1:56 AM IST

തിരുവനന്തപുരം: മദ്ധ്യ വേനലവധിക്കാലത്തെ ട്രെയിനിംഗ് ക്യാമ്പുകളിൽ ഇനി ക്ളാസെടുക്കലിനു പകരം പരസ്പര ആശയ വിനിമയത്തിലൂന്നിയുള്ള പരിശീലനമാകും നടക്കുക.

കൊവിഡാനന്തരം എത്തുന്ന കുട്ടികളെ പഠനത്തിലേക്ക് ആകർഷിക്കുന്ന രീതിയിൽ അദ്ധ്യാപന രീതിയിൽ മാറ്റമാണ് വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിടുന്നത്. രണ്ടോ മൂന്നോ ദിവസം രാവിലെ മുതൽ വൈകിട്ടുവരെ മാത്രമായി നടത്തിയിരുന്ന പരിശീലന ക്യാമ്പുകൾക്ക് പകരം ക്യാമ്പിടങ്ങളിൽ തന്നെ തങ്ങി ട്രെയിനിംഗ് പൂർത്തീകരിക്കും. അദ്ധ്യാപകർക്ക് ക്യാമ്പിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാനുമുള്ള അവസരമുണ്ടാകും. ജില്ലയിലെ മൂന്നോ നാലോ സ്കൂളുകൾ തിരഞ്ഞെടുത്ത് ഗ്രൂപ്പുണ്ടാക്കിയാവും പരിശീലനം.

ആദ്യ ഘട്ടമെന്ന നിലയിൽ എൽ.പി വിഭാഗത്തിലെ അദ്ധ്യാപകരെയാണ് പുതിയ പരിശീലനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിനു കീഴിൽ 58,000 എൽ.പി സ്കൂൾ അദ്ധ്യാപകരാണുള്ളത്. രാവിലെ ഒരു മണിക്കൂർ യോഗയും ഒരു ദിവസം യാത്രയും. മേയ് 25ന് മുൻപ് ട്രെയിനിംഗ് ക്യാമ്പുകൾ പൂർത്തിയാക്കാനുള്ള മുന്നൊരുക്കങ്ങൾ വിദ്യാഭ്യാസ വകുപ്പിലും എസ്.എസ്.കെയിലും എസ്.സി.ഇ.ആർ.ടിയിലുമൊക്കെയായി നടക്കുന്നുണ്ട്. കൊവിഡ് കാലത്ത് മൂന്നും നാലും മണിക്കൂർ സ്ക്രീനിനു മുന്നിൽ ചെലവഴിച്ച കുട്ടികളെ തിരികെ പാഠപുസ്തകങ്ങളിലേക്കും അക്ഷരങ്ങളുടെ ലോകത്തേക്കും മടക്കിക്കൊണ്ടു വരണം.

കൂടുതൽ ഊർജസ്വലരായ അദ്ധ്യാപകരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന പരിശീലന പരിപാടിയുടെ വിഷയങ്ങൾ സംബന്ധിച്ച ചർച്ചകളും സജീവം. 23 നുള്ളിൽ ഇതു സംബന്ധിച്ച് മൊഡ്യൂൾ തീർപ്പാക്കും. ഇതിന്റെ ചുവടു പിടിച്ചാകും വരും വർഷങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ അദ്ധ്യാപകർക്കും പരിശീലനം.

Advertisement
Advertisement