കുസാറ്റിലെ അദ്ധ്യാപകരും ഇനി സംരംഭകരാവും

Friday 15 April 2022 12:40 AM IST

കൊച്ചി: പഠനഗവേഷണങ്ങൾ പ്രബന്ധങ്ങളായി ഒതുങ്ങാതെ വ്യവസായ സംരംഭങ്ങളായി മാറ്റുന്ന പദ്ധതിയുടെ ഭാഗമായി കുസാറ്റിലെ അദ്ധ്യാപകരും ഇനി സംരംഭകരാകും. അദ്ധ്യാപകർക്ക് സ്വന്തമായി സാങ്കേതികസംരംഭങ്ങൾ തുടങ്ങാം. അദ്ധ്യാപകരെ സംരംഭകരാക്കാൻ നയരൂപീകരണം നടത്തിയ സംസ്ഥാനത്തെ ആദ്യ സർവകലാശാലയായും കുസാറ്റ് മാറി.

മാനവവിഭവശേഷി മന്ത്രാലയം രൂപപ്പെടുത്തിയ ഫാക്കൽറ്റി സ്റ്റാർട്ടപ്പ് ആൻഡ് ഓൺട്രപ്രനർഷിപ്പ് നയമാണ് കുസാറ്റ് സിൻഡിക്കേറ്റ് അംഗീകരിച്ചത്. അദ്ധ്യാപകരുടെ ഗവേഷണത്തെ സമൂഹത്തിന് പ്രയോജനപ്പെടുന്നവിധം ഉത്പന്നങ്ങളായും സേവനങ്ങളായും മാറ്റാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി.

ഉത്‌പന്നവികസനം, വാണിജ്യവത്കരണം, സംരംഭങ്ങളിലെ പങ്കാളിത്തവും പരിപോഷണവും അദ്ധ്യാപകരുടെ ചുമതലയാണ്. വാർഷിക മൂല്യനിർണയത്തിലും പ്രമോഷനിലും അദ്ധ്യാപകർക്ക് അർഹമായ മുൻതൂക്കവും പദ്ധതി വിഭാവനം ചെയ്യുന്നു.

ജോലിസമയത്തിന്റെ 20 ശതമാനംവരെ സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങൾക്കായി ചെലവഴിക്കാം. ഒരുവർഷംവരെ ലീവും സ്റ്റാർട്ടപ്പിന്റെ പ്രവർത്തനങ്ങൾക്കായി പ്രത്യേക കാഷ്വൽലീവും അനുവദിക്കും. കുസാറ്റിന്റെ ഉടമസ്ഥതയിലാകും സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കുക.

വ്യവസായ, വിദ്യാഭ്യാസ മേഖലകളിൽനിന്നുള്ള വിദഗ്ദ്ധരടങ്ങുന്ന ഇന്നോവേഷൻ ആൻഡ് ഓൺട്രപ്രനർഷിപ്പ് കമ്മിറ്റിയാണ് (ഐ.ആൻഡ്.ഇ) സംരംഭം തുടങ്ങാനുള്ള അപേക്ഷയുടെ സൂക്ഷ്മപരിശോധന നടത്തുക. കമ്മിറ്റി കുസാറ്റിന് നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിലാകും സ്റ്റാർട്ടപ്പിന് അംഗീകാരം.

ഇന്നോവേഷനും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ കുസാറ്റ് രൂപീകരിച്ച സെക്ഷൻ ഡി കമ്പനിയായ കുസാടെക് ഫൗണ്ടേഷൻ, ഫാക്കൽറ്റിയുടെ പങ്കാളിത്തത്തെയും ഇക്വിറ്റിയുടെ ഉടമസ്ഥാവകാശത്തെയും കുറിച്ച് സ്റ്റാർട്ടപ്പുമായി ധാരണാപത്രം ഒപ്പിടും. കുസാറ്റ് ഫാക്കൽറ്റിക്ക് നൽകുന്ന ഇക്വിറ്റിയിൽനിന്ന് 20 ശതമാനം കുസാടെക് ഫൗണ്ടേഷന് നൽകണം. ഇതോടെ ഫാക്കൽറ്റി ഉടമസ്ഥതയുള്ള സ്റ്റാർട്ടപ്പിൽ കുസാടെക് ഫൗണ്ടേഷൻ സഹഉടമയാകും.

Advertisement
Advertisement