രേഖകൾ പുതുക്കി സമർപ്പിക്കാൻ എൽ.ഐ.സി

Friday 15 April 2022 12:09 AM IST

മുംബയ്: പ്രഥമ ഓഹരി വിൽപ്പനയ്ക്കായുള്ള(ഐ.പി.ഒ) പേപ്പറുകൾ സെബിക്ക് പുതുക്കി സമർപ്പിക്കാനൊരുങ്ങി ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ. എൽ.ഐ.സി ഒഫ് ഇന്ത്യ 2022 സാമ്പത്തിക വർഷത്തിലെ ഫലങ്ങൾ അന്തിമമാക്കാൻ ഈ വാരാന്ത്യത്തിൽ യോഗം ചേരാനിരിക്കെയാണ് പുതിയ വാർത്ത എത്തിയത്. അടുത്ത ആഴ്ച പകുതിയോടെ പുതുക്കിയ പബ്ലിക് ഓഫർ വിശദാംശങ്ങൾ ഫയൽ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒയിലൂടെ മേയ് 12 നായിരിക്കും ഓഹരി വിപണിയിലെത്തുന്ന കമ്പനിയുടെ ലിസ്റ്റിംഗ്.

എൽ.ഐ.സിയുടെ പ്രാഥമിക ഓഹരി വിൽപ്പനയ്ക്കായുള്ള റോഡ് ഷോകൾ ഉടൻ തുടങ്ങാനാണ് സാദ്ധ്യത. മാർച്ചിൽ നടത്താനിരുന്ന ഐ.പി.ഒ, റഷ്യ-യുക്രെയിൻ യുദ്ധത്തെത്തുടർന്നാണ് നീണ്ടുപോയത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ ഈ സാമ്പത്തിക വർഷത്തിൽ 65,000 കോടി രൂപ സമാഹരിക്കാനിരുന്ന സർക്കാരിന് എൽ.ഐ.സിയുടെ ഓഹരിവിൽപ്പനയിലൂടെ പരമാവധി തുക സമാഹരിക്കാൻ സാധിക്കും. 5.4 ലക്ഷം കോടി രൂപയാണ് എൽ.ഐ.സിയുടെ മൂല്യം കണക്കാക്കുന്നത്. 60,000 മുതൽ 70,000 കോടി രൂപ വരെ ഓഹരി വിൽപ്പനയിലൂടെ കേന്ദ്ര സർക്കാരിന് സമാഹരിക്കാം.

Advertisement
Advertisement