പത്തുവർഷത്തിനിടെ നേട്ടംകൊയ്ത് ഐ.പി.ഒ

Friday 15 April 2022 12:10 AM IST

മുംബയ്: രാജ്യത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെ നടത്തിയ ഐ.പി.ഒകളിൽ മൂന്നിൽ രണ്ടും നിക്ഷേപകർക്ക് നൽകിയത് പോസിറ്റീവ് റിട്ടേൺ. കൊവിഡ് പൊട്ടിപ്പുറപ്പെട്ട 2021 സാമ്പത്തിക വർഷത്തിലാണ് പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ വിപണിയിലെത്തിയ കമ്പനികൾ നിക്ഷേപകർക്ക് മികച്ചനേട്ടം സമ്മാനിച്ചത്. 2021 സാമ്പത്തിക വർഷത്തിൽ ലിസ്റ്റുചെയ്ത 83 ശതമാനം കമ്പനികളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. പ്രൈം ഡേറ്റാബേസാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. അതേസമയം, 2022 സാമ്പത്തിക വർഷത്തിൽ ഐ.പി.ഒ നടത്തിയ 62.3 ശതമാനം കമ്പനികൾ മാത്രമാണ് പോസിറ്റീവിൽ തുടരുന്നത്.

കഴിഞ്ഞ സാമ്പത്തികവർഷം വിപണിയിലെത്തിയ പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ ഓഹരികൾ ഓഫർ വിലയായ 2,150 രൂപയേക്കാൾ 67 ശതമാനം ഇടിവിലാണുള്ളത്. ഇത് 94,119 കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകർക്കുണ്ടാക്കിയത്. പുതുതായി ലിസ്റ്റുചെയ്ത സ്ഥാപനങ്ങളിൽ വിമാർട്ട് റീട്ടെയിൽ, അവന്യൂ സൂപ്പർമാർട്ട് എന്നിവയുടെ ഓഹരികൾ ഏറ്റവും കൂടുതൽ ഉയർന്നു. ഈ കമ്പനികളുടെ ഐ.പി.ഒയിൽ റീട്ടെയിൽ നിക്ഷേപകർ യഥാക്രമം 17 തവണയും 14 മടങ്ങും നിക്ഷേപം നടത്തി.

 പത്തുവർഷം: 3.12 ലക്ഷംകോടി രൂപ

2013 സാമ്പത്തികവർഷം മുതൽ പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 222 കമ്പനികൾ ഏകദേശം 3.12 ലക്ഷംകോടി രൂപ സമാഹരിച്ചു. 2022 സാമ്പത്തികവർഷത്തിൽ മാത്രം ഇതിന്റെ മൂന്നിലൊന്ന് തുകയുടെ ഐ.പി.ഒകളാണ് നടന്നത്. ലിസ്റ്റിംഗ് നേട്ടക്കണക്കുകൾ നോക്കുമ്പോൾ 2017 സാമ്പത്തിക വർഷത്തിലാണ് മികച്ച നേട്ടം രേഖപ്പെടുത്തിയത്. 25 ഓഹരികളിൽ 21 എണ്ണം പോസിറ്റീവ് റിട്ടേൺ സൃഷ്ടിച്ചു.

Advertisement
Advertisement