ചരക്ക് ട്രെയിനോട് നോ പറഞ്ഞ് കൊല്ലം - ചെങ്കോട്ട പാത

Friday 15 April 2022 1:28 AM IST

കൊല്ലം: കൊല്ലം - ചെങ്കോട്ട റെയിൽ പാതയിൽ ചരക്ക് ട്രെയിൻ ഓടിക്കുന്നതിനുള്ള പ്രതീക്ഷ മങ്ങുന്നു. ചരക്ക് വണ്ടി ഓടിക്കുന്നതിന് മുന്നോടിയായി ചെങ്കോട്ട - പുനലൂർ പാതയിൽ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ (ആർ.ഡി.എസ്.ഒ) ലോഡ് ട്രയൽ നടത്തുന്നതിന് റെയിൽവേ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല.

പുനലൂരിലും ചെങ്കോട്ടക്കുമിടയിലെ വളവുകളിൽ ഭാരം കയറ്റിയ ട്രെയിനുകൾ പാളം തെറ്റാതിരിക്കാൻ പ്രത്യേകം സ്ഥാപിച്ചിട്ടുള്ള ചെക്ക് റെയിലുകൾ ഫലപ്രദമല്ലെന്ന റിപ്പോട്ടാണ് ട്രയലിന് തടസമായത്.

ലോഡ് ട്രയൽ നടത്താൻ നീക്കം നടന്നപ്പോൾ പുനലൂരിലെ മുൻ സീനിയർ സെക്ഷൻ എൻജിനിയർ ചെക്ക് റെയിലുകൾ ബലവത്തല്ലെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകി. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് ചെക്ക് റെയിലുകൾ സ്ഥാപിച്ചതെന്നും മെഷിൻ കട്ടർ ഉപയോഗിച്ച് മാറ്റി നിർമ്മിച്ച ശേഷമേ ചരക്കുവണ്ടി ഓടിക്കാവൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.

ബ്രോഡ് ഗേജായപ്പോൾ ചരക്ക് നീക്കം മുങ്ങി

1. ഒരു നൂറ്റാണ്ടിലേറെ കൊല്ലം - ചെങ്കോട്ട പാതയിൽ ചരക്ക് ട്രെയിൻ ഓടിയിരുന്നു

2. തമിഴ്നാട്ടിൽ നിന്നുള്ള സാധനങ്ങളും തെന്മലയിലെ തേക്കും മറ്റ് തടി ഉരുപ്പടികളും കാർഷിക വിളകളുമായിരുന്നു കൊണ്ടുപോയിരുന്നത്

3. ബ്രിട്ടീഷ് എൻജിനിയറിംഗ് വൈദഗ്ദ്ധ്യത്തിൽ യാഥാർത്ഥ്യമായ പാത കൊല്ലത്ത് നിന്ന് ചെന്നൈയിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം

4. ബ്രിട്ടീഷുകാർ പാത നിർമ്മിച്ചത് പ്രധാനമായും ചരക്ക് നീക്കത്തിന്

5. പാത ബ്രോഡ് ഗേജായപ്പോൾ കഴിഞ്ഞ കാൽനൂറ്റാണ്ടായി ചരക്ക് വണ്ടികൾ ഓടുന്നില്ല

6. ആവണീശ്വരം എഫ്.സി.ഐയിലേക്കുള്ള പാതയും ഇല്ലാതായി

പാത കമ്മിഷൻ ചെയ്തത്: 1904ൽ

ദേശീയപാതയിൽ തിരക്ക് ഒഴിവാകും

ചരക്ക് ട്രെയിനുകൾ ഓടിത്തുടങ്ങിയാൽ കൊല്ലം - തിരുമംഗലം ദേശീയപാത 744ൽ അനുഭവപ്പെടുന്ന ചരക്കുവാഹനങ്ങളുടെ തിരക്ക് ഒഴിവാകും. ഇപ്പോൾ നിർമ്മാണ സാമഗ്രികളുമായി തമിഴ്നാട്ടിൽ നിന്ന് നൂറുകണക്കിന് ടിപ്പർ ലോറികളാണ് ആര്യങ്കാവ് വഴി കേരളത്തിലേക്ക് എത്തുന്നത്.

അംബാസമുദ്രത്തിൽ നിന്ന് നിർമ്മാണ സാമഗ്രികൾ ട്രെയിൻ വഴി ചങ്ങനാശേരിയിലേക്ക് കൊണ്ടുപോകുന്നുണ്ട്. തിരുനെൽവേലി, നാഗർകോവിൽ, തിരുവനന്തപുരം വഴിയാണ് ചരക്കു നീക്കം.

റെയിൽവേ അധികൃതർ

Advertisement
Advertisement