ജയിക്കാനാകാത്തത് മുംബയ്ക്ക് മാത്രം

Friday 15 April 2022 1:33 AM IST

മുംബയ് : ഐ.പി.എല്ലിൽ പുതിയ സീസണിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും ജയിക്കാനാവാത്ത ടീമായി മുംബയ് ഇന്ത്യൻസ്. അഞ്ചുതവണ കിരീടം നേടിയിട്ടുള്ള മുംബയ് തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് കഴിഞ്ഞ ദിവസം തോൽവി ഏറ്റുവാങ്ങിയത്. പഞ്ചാബ് കിംഗ്സിനെതിരെ 12 റൺസിനാണ് രോഹിത് ശർമ്മയും സംഘവും തോറ്റത്.

പഞ്ചാബ് കിംഗ്സിനെതിരെ ജയിക്കാൻ 199 റൺസ് വേണ്ടിയിരുന്ന മുംബയ് ഇന്ത്യൻസിന് 186/9ലെത്താനേ കഴിഞ്ഞുള്ളൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് 198 റൺസടിച്ചത്. നായകൻ മായാങ്ക് അഗർവാളും (52) ശിഖർ ധവാനും (70)ചേർന്ന് ഓപ്പണിംഗിൽ കൂട്ടിച്ചേർത്ത 97 റൺസാണ് അടിത്തറയായത്.അവസാനഓവറുകളിൽ ജിതേഷ് പുറത്താകാതെ 30 റൺസ് നേടി.

തുടക്കം മുതൽ മുംബയ് ബൗളർമാർക്കെതിരെ മികച്ച പ്രകടനമാണ് മായാങ്കും ധവാനും പുറത്തെടുത്തത്. പവർപ്ളേയിൽ റൺറേറ്റ് പത്തിന് മുകളിലെത്തിക്കാൻ ഇരുവർക്കും കഴിഞ്ഞു. പത്താം ഓവറിൽ സ്പിന്നർ മുരുഗൻ അശ്വിനാണ് മുംബയ്ക്ക് ആദ്യ ബ്രേക്ക് നൽകിയത്. 32 പന്തുകളിൽ ആറുഫോറും രണ്ട് സിക്സും പായിച്ച മായാങ്കിനെ ലോംഗ് ഓഫിൽ സൂര്യകുമാർ യാദവാണ് പിടികൂടിയത്. സീസണിലെ ആദ്യ അർദ്ധസെഞ്ച്വറിയാണ് മായാങ്ക് നേടിയത്.

പകരമിറങ്ങിയ ജോണി ബെയർസ്റ്റോയെ(12) 14-ാം ഓവറിൽ ജയ്ദേവ് ഉനദ്കദ് ബൗൾഡാക്കി. അടുത്തഓവറിൽ തകർപ്പനൊരു യോർക്കറിലൂടെ ജസ്പ്രീത് ബുംറ ലിയാം ലിവിംഗ്സ്റ്റണിനെയും മടക്കി അയച്ചതോടെ പഞ്ചാബ് 130/3 എന്ന നിലയിലായി. ടീമിനെ 150കടത്തിയ ശേഷമാണ് ശിഖർ ധവാൻ കൂടാരം കയറിയത്. 50 പന്തുകളിൽ അഞ്ചുഫോറും മൂന്ന് സിക്സും പായിച്ച ധവാന്റെ വിക്കറ്റ് മലയാളി പേസർ ബേസിൽ തമ്പിയാണ് സ്വന്തമാക്കിയത്.പൊള്ളാഡിനായിരുന്നു ക്യാച്ച്. ധവാന്റെയും സീസണിലെ ആദ്യ അർദ്ധസെഞ്ച്വറിയായിരുന്നു ഇന്നലത്തേത്. തുടർന്ന് ക്രീസിലൊരുമിച്ച ജിതേഷും (30*)ഷാറുഖ് ഖാനും (15)ചേർന്ന് 197ലെത്തിച്ചു.അവസാനഓവറിൽ ബേസിൽ തമ്പി ഷാറൂഖിനെ ബൗൾഡാക്കി.

മറുപടിക്കിറങ്ങിയ മുംബയ്ക്ക് ഇഷാൻ കിഷനെ (3) തുടക്കത്തിലേ നഷ്ടമായി. എന്നാൽ രോഹിത് ശർമ്മ(28),ഡെവാൾഡ് ബ്രെവി​സ്(49),തി​ലക് വർമ്മ(36) എന്നി​വരുടെ പോരാട്ടം റൺ​റേറ്റ് കുറയാതെ കാത്തു. രാഹുൽ ചഹർ എറി​ഞ്ഞ ഒൻപതാം ഓവറി​ൽ ബ്രെവി​സ് ഒരു ഫോറും തുടർച്ചയായി​ നാലുസി​ക്സുകളും പറത്തി​.29 റൺസാണ് ഈ ഓവറിൽ ചഹർ വഴങ്ങിയത്. എന്നാൽ ഓഡീൻ സ്മിത്ത് ബ്രെവിസിനെ പുറത്താക്കിയതും തിലകും പൊള്ളാഡും റൺഒൗട്ടായതും മുംബയ്‌യെ ബാക്ക് ഫുട്ടിലാക്കി. 30 പന്തിൽ 43 റൺസടിച്ച സൂര്യകുമാർ യാദവ് 19-ാം ഓവറിൽ പുറത്തായത് മുംബയ്‌യുടെ തോൽവി ഉറപ്പിച്ചു.അവസാന ഓവറിൽ സ്മിത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി.

24 ലക്ഷം പിഴ

പഞ്ചാബ് കിംഗ്‌സിനോട് തോറ്റതിന് പിന്നാലെ മുംബയ് ഇന്ത്യൻസിന് പിഴശിക്ഷയും. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് 24 ലക്ഷം രൂപയാണ് രോഹിതിനും സംഘത്തിനും മാച്ച് റഫറി പിഴയിട്ടത്.

Advertisement
Advertisement