രാജസ്ഥാനെ ടൈറ്റാക്കി ഗുജറാത്ത് ടൈറ്റാൻസ്

Friday 15 April 2022 1:36 AM IST

മുംബയ് : ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐ.പി.എൽ മത്സരത്തിൽ 37 റൺസിന് തോറ്റ് രാജസ്ഥാൻ റോയൽസ്. ജയിക്കാൻ 193 റൺസ് വേണ്ടിയിരുന്ന റോയൽസ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റിന് 159 റൺസേ നേടിയുള്ളൂ.

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ടൈറ്റൻസിന് നായകൻ ഹാർദിക് പാണ്ഡ്യ(52പന്തുകളിൽ എട്ടുഫോറും നാലുസിക്സുമടക്കം പുറത്താകാതെ 87 റൺസ്),അഭിനവ് മനോഹർ(28 പന്തിൽ 43),ഡേവിഡ് മില്ലർ(14 പന്തിൽ പുറത്താകാതെ 31) എന്നിവരുടെ ബാറ്റിംഗാണ് കരുത്തായത്.തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഹാർദിക് അർദ്ധസെഞ്ച്വറി നേടിയത്.

15 റൺസെടുക്കുന്നതിനിടെ ടൈറ്റൻസിന് രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. ആറു പന്തിൽ മൂന്ന് ബൗണ്ടറികൾ പായിച്ച മാത്യു വേഡിനെ(12)യാണ് ടൈറ്റൻസിന് ആദ്യം നഷ്ടമായത്. രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ റാസി വാൻഡർ ഡസൻ വേഡിനെ റൺഒൗട്ടാക്കുകയായിരുന്നു. മൂന്നാം ഓവറിൽ വിജയ് ശങ്കറെ (2) കുൽദീപ് സെൻ സഞ്ജുവിന്റെ കയ്യിലെത്തിക്കുകകൂടി ചെയ്തതോടെ ഹാർദിക് കളത്തിലിറങ്ങി.

ഏഴാം ഓവറിൽ 50 കടത്തുന്നതുവരെ ശുഭ്മാൻ ഗിൽ (13) ഹാർദിക്കിന് കൂട്ടുനിന്നു. ടീം സ്കോർ53ൽ വച്ച് റയാൻ പരാഗിന്റെ പന്തിൽ ഗില്ലിനെ ഹെറ്റ്മേയർ പിടികൂടി. തുടർന്ന് ക്രീസിലൊരുമിച്ച ഹാർദിക്കും അഭിനവ് മനോഹറും ചേർന്ന് 86 റൺസ് കൂട്ടിച്ചേർത്തു. 16-ാം ഓവറിൽ ചഹൽ അഭിനവിനെ മടക്കി അയച്ചെങ്കിലും ഡേവിഡ് മില്ലറും ഹാർദിക്കും ചേർന്ന് സ്കോർ ഉയർത്തി.

മറുപടിക്കിറങ്ങിയ രാജസ്ഥാനായി ഓപ്പണർ ജോസ് ബട്ട്‌ലർ (24 പന്തിൽ 54 റൺസ്) വേഗത്തിൽ സ്കോറുയർത്തിയെങ്കിലും ദേവ്ദത്ത് പടിക്കൽ(0),അശ്വിൻ(8),സഞ്ജു(11),റാസീ വാൻഡർ ഡസൻ(6),ഹെറ്റ്മേയർ(29), റയാൻ പരാഗ് (18),നീഷം (17) എന്നിവർ നിരനിരയായി പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി. ടൈറ്റൻസിന് വേണ്ടി ലോക്കി ഫെർഗൂസനും അരങ്ങേറ്റ താരം യഷ് ദയാലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളിൽ എട്ടു പോയിന്റ് നേടി ഗുജറാത്ത് ടൈറ്റൻസ് പട്ടികയിൽ ഒന്നാമതായി. ആറു പോയിന്റുമായി രാജസ്ഥാൻ മൂന്നാമതാണ്.

Advertisement
Advertisement