ഇത് കേരള പി.എസ്.സി യോ വെള്ളരിക്കാപ്പട്ടണം പി എസ് സിയോ?

Friday 15 April 2022 1:42 AM IST

കേരളകൗമുദി ഏപ്രിൽ 13 ന് പ്രസിദ്ധീകരിച്ച ഒരു വാർത്തയെ സംബന്ധിച്ച പ്രതികരണമാണ് ഈ കുറിപ്പ്. വാർത്ത കാണാനിടയായത് കേരളകൗമുദിയിൽ മാത്രം. തൊഴിൽ പരീക്ഷകളിലെ മലയാളം, തമിഴ്, കന്നഡ ചോദ്യങ്ങൾക്കൊപ്പം ഇംഗ്ലീഷും പരിഗണനയിൽ എന്ന് പി.എസ്.സി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചതായാണ് വാർത്ത. മാതൃഭാഷകളിലേക്ക് മൊഴിമാറ്റുമ്പോൾ സംഭവിക്കുന്ന പിഴവുകൾ അങ്ങനെ പരിഹരിക്കുമെന്നാണത്രേ പി.എസ്.സി അറിയിക്കുന്നത്. എന്താണിതു കൊണ്ട് പി എസ് സി ഉദ്ദേശിക്കുന്നത്? ഏതുതലത്തിലെ പരീക്ഷകളുടെയും ചോദ്യങ്ങൾ തയ്യാറാക്കുന്നത് ഇംഗ്ലീഷിലാണെന്നും പിന്നെ അവ ആരെങ്കിലും പരിഭാഷപ്പെടുത്തുമെന്നാണോ? എന്തു ഗതികേടാണിത്?
പി.എസ്.സി യുടെ പിടിപ്പുകേടു മൂലം വന്നുഭവിച്ച പിഴവുകൾക്കുള്ള പഴി മാതൃഭാഷകൾക്കു മേൽ ചാരുകയോ? ഇംഗ്ലീഷിൽ മാത്രം ചോദ്യങ്ങൾ ചോദിച്ചിരുന്ന രീതി മാറ്റി മലയാളത്തിലും കൂടി ചോദിച്ചുകൊണ്ട് കേരളീയന്റെ പ്രാഥമിക മനുഷ്യാവകാശത്തെ അംഗീകരിക്കാൻ പി.എസ് സി ക്ക് വർഷങ്ങൾ വേണ്ടിവന്നു. അതിന് ഐക്യമലയാള പ്രസ്ഥാനം നിരന്തര സമരങ്ങൾ നടത്തേണ്ടിവന്നു.


ഇനി പത്ത് ശതമാനം മാതൃഭാഷാപ്രാവീണ്യം പരിശോധിക്കുന്ന ചോദ്യങ്ങളാണോ ഇവിടെ പ്രസക്തം? അങ്ങനെയെങ്കിൽ നിഘണ്ടുവാണോ നിഘണ്ഡുവാണോ നിഖണ്ടുവാണോ ഏതാണ് ശരി എന്ന ചോദ്യം ഇംഗ്ലീഷിൽ കൂടി ചോദിക്കാനാണോ പി.എസ്.സി മുതിരുന്നത്? മാതൃഭാഷയെ തൊഴിൽ പരീക്ഷകളിൽ ഉൾപ്പെടുത്താനുള്ള ജനാഭിലാഷത്തെ പിന്തുടർന്നുള്ള സർക്കാർ തീരുമാനത്തെ പതിയെപ്പതിയെ ദുർബലപ്പെടുത്താനുള്ള സർക്കാർ സംവിധാനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ദുരുപദിഷ്ടമായ നീക്കമാണ് പി.എസ്.സി യുടെ ഈ മാതൃഭാഷാവിരുദ്ധ നിലപാടിനു പിന്നിൽ. ചോദ്യങ്ങൾ ഇംഗ്ലീഷിൽ തയ്യാറാക്കി മലയാളത്തിൽ വികലമായി പരിഭാഷപ്പെടുത്തുകയാണ്പി.എസ്.സി ചെയ്യുന്നത്. തിരിച്ചാണ് വേണ്ടതെന്ന് പി.എസ്. സി തിരിച്ചറിയണം.

ആർ. നന്ദകുമാർ

ഐക്യമലയാള പ്രസ്ഥാനം

സംസ്ഥാന കൺവീനർ

ജനത്തിനെതിരെ സമരം ചെയ്യുന്നവർ

കെ.എസ്.ഇബിയിൽ സമരാഭാസം തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. സമരവും ഭരണവും ഒരുമിച്ച് ശീലമാക്കിയിട്ടുള്ള കമ്മ്യൂണിസ്റ്റുകാർക്ക് ഇതിൽ പുതുമ കാണില്ല. എന്നാൽ ഇത് ഭരണഘടനക്കും, പരമാധികാര ജനാധിപത്യ ജനായത്തഭരണത്തിനും എതിരാണെന്ന് തിരിച്ചറിയണം.

സർക്കാരും സർക്കാർ ജീവനക്കാരും ജനസേവകരായി നിയോഗിക്കപ്പെട്ടിരി ക്കുന്നതിനാൽ അവരുടെ ചുമതല ജനസേവനം മാത്രമാണ്. അവിടെ പണിമുടക്കും സമരവും ജനങ്ങൾക്കെതിരെയാണ്. അത് അനുവദിക്കാൻ പാടില്ല. സമരക്കാരെ പുറത്താക്കാനുള്ള വഴി ഒരുക്കുക മാത്രമാണ് സർക്കാരും,
സ്ഥാപനവും ചെയ്യേണ്ടത്.1950 ൽ ഉണ്ടായിരുന്ന സർക്കാർ ജീവനക്കാരെ
പിരിച്ചുവിട്ട് പുതിയ ഭരണസംവിധാനം ഒരുക്കേണ്ടത് അന്നത്തെ ഭരണക്കാർ ചെയ്തില്ല, അതിനാൽ ജനദ്രോഹം തുടർന്നു. അതിന്റെ അന
ന്തരഫലം ജനം ഇപ്പോഴും അനുഭവിക്കുന്നു. സർക്കാരിലെ പ്രശ്നങ്ങൾ,
ജീവനക്കാരുടെ കാര്യങ്ങൾ ആഭ്യന്തരമായി പരിഹരിക്കണം. അതിനുള്ള
സംവിധാനം ജനങ്ങൾ ഒരുക്കിയിട്ടുണ്ട്. ജനങ്ങളുടെ മുമ്പിൽ സമരാഭാസങ്ങൾ
നടത്തി സർക്കാർ നാണംകെടരുത്.
ഒരു സർക്കാർ സ്ഥാപനത്തിലും ഇത്തരം സമരം പാടില്ല. സർക്കാരും, കോടതികളും ജാഗ്രത പുലർത്തി ഇത്തരം സമരങ്ങൾ തടയണം. കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കണം . ജനസേവനം തടസ്സപ്പെടാൻ അനുവദിക്കരുത്.

വിജയകുമാർ,
തിരുവനന്തപുരം.

Advertisement
Advertisement