പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണം: ഡി.വൈ.എഫ്.ഐ

Friday 15 April 2022 1:54 AM IST

കൊല്ലം: ജില്ലയിലെ പരമ്പരാഗത വ്യവസായങ്ങൾ ആധുനികവത്കരിച്ച് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

റിപ്പോർട്ടിന്മേലുള്ള ചർച്ചയ്‌ക്ക് ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺബാബുവും സംഘടനാ ചർച്ചയ്‌ക്ക് സംസ്ഥാന പ്രസിഡന്റ് എസ്. സതീഷും മറുപടി പറഞ്ഞു. അഡ്വ. എസ്. ഷബീർ ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. എം. മുകേഷ് എം.എൽ.എ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ചിന്താജെറോം, ജെയ്ക്.സി. തോമസ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

കെ ​- റെയിൽ നടപ്പാക്കുക, ചവറ കെ.എം.എം.എല്ലിലെ റിട്ടയർമെന്റ്‌ നിയമനങ്ങൾ അവസാനിപ്പിക്കുക, ഓപ്പൺ സർവകലാശാലാ പ്രവർത്തനം വിപുലീകരിക്കുക, ആലപ്പാട്ടെ തീരസംരക്ഷണം വേഗത്തിലാക്കുക, മത്സ്യത്തൊഴിലാളികൾക്ക് ഇന്ധന സബ്സിഡി അനുവദിക്കുക, പാരലൽ ട്യൂട്ടോറിയൽ കോളേജ് അദ്ധ്യാപകർക്ക് ക്ഷേമനിധി ഏർപ്പെടുത്തുക, എഴുകോൺ റെയിൽവേ സ്റ്റേഷനെ തരംതാഴ്‌ത്താനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം മുന്നോട്ടുവച്ചു.

ഭാരാവാഹികളായി ടി.ആർ. ശ്രീനാഥ് (പ്രസിഡന്റ്), മീരാ.എസ്. മോഹൻ, എം.എസ്. ശബരീനാഥ്, എ. അഭിലാഷ് (വൈസ് പ്രസിഡന്റ്), ശ്യാംമോഹൻ (സെക്രട്ടറി), എം. ഹരികൃഷ്ണൻ, ബി. ബൈജു, അഡ്വ. എസ്.ആർ. രാഹുൽ (ജോ. സെക്രട്ടറി), അഡ്വ. എസ്. ഷബീർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement