ശാരദാപ്രതിഷ്‌ഠയിലൂടെ ഗുരുദേവൻ അറിവിനെ ജനാധിപത്യവത്‌കരിച്ചു: വി.മുരളീധരൻ

Sunday 17 April 2022 2:42 AM IST

തിരുവനന്തപുരം: അറിവ് ജനാധിപത്യവത്‌കരിക്കുന്നതിന്റെ അനിവാര്യതയാണ് ഒരു നൂറ്റാണ്ടിന് മുമ്പ് ശാരദാപ്രതിഷ്‌ഠയിലൂടെ ശ്രീനാരായണ ഗുരുദേവൻ നടത്തിയതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ശിവഗിരി മഠത്തിൽ 110ാമത് ശ്രീശാരദാപ്രതിഷ്‌ഠാ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവിന്റെയും സ്വതന്ത്രചിന്തയുടെയും പ്രതീകമാണ് ശാരദാപ്രതിഷ്‌ഠ. അധഃസ്ഥിതരുടെ വിമോചനത്തിന്റെ വഴി അറിവിലൂടെയാണെന്ന് തിരിച്ചറിഞ്ഞ യുഗപുരുഷനാണ് ശ്രീനാരായണഗുരു. ഭാരതത്തെ ഒരുമിപ്പിച്ച് നിറുത്തിയ വൈജ്ഞാനിക പൈതൃകമാണ് ഗുരുദേവന്റെ ശാരദാപ്രതിഷ്‌ഠ. വൈജ്ഞാനിക സംസ്‌കാരമാണ് കേന്ദ്രസർക്കാർ പിന്തുടരുന്നത്. കേന്ദ്രസർക്കാർ ശാസ്‌ത്ര വിരോധികളല്ല. പാരമ്പര്യത്തിലും പൈതൃകത്തിലും ഉറച്ചുനിന്ന് വരാൻ പോകുന്ന ലോകത്തിന്റെ യുവതയെ വാർത്തെടുക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യമെന്നും മുരളീധരൻ പറഞ്ഞു.

60ാമത് ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. സാമ്പ്രദായിക ഋഷിപാരമ്പര്യത്തിൽ നിന്ന് വേറിട്ട് സഞ്ചരിച്ച സന്യാസിയാണ് ശ്രീനാരായണഗുരുവെന്ന് സതീശൻ പറഞ്ഞു. ഹിമാലയത്തിലേക്കല്ല, മനുഷ്യർക്കിടയിലേക്കാണ് ഗുരു സഞ്ചരിച്ചത്. ഗാന്ധിയെയും ക്രിസ്‌തുവിനെയും ഗുരുദർശനങ്ങളിൽ കാണാം. മതമല്ല മനുഷ്യരാണ് പ്രധാനമെന്നും അവരെ ചേർത്തുപിടിക്കണമെന്നുമാണ് ഗുരു പറഞ്ഞത്. അറിവ് തേടിയുളള അന്വേഷണമാണ് ഗുരുദേവദർശനങ്ങൾ. ഗുരുദർശനങ്ങളുടെ ഏറ്രവും വലിയ അടയാളം മനുഷ്യത്വമാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് മെമ്പർ സ്വാമി വിശാലാനന്ദ ഭദ്രദീപം കൊളുത്തി. വർക്കല മുനിസിപ്പാലിറ്റി ചെയർമാൻ കെ.എം.ലാജി,ഗുരുധർമ്മപ്രചരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്,ധർമ്മസംഘം ട്രസ്റ്റ് ജനറൽസെക്രട്ടറി സ്വാമി ഋതംഭരാനന്ദ,ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ,ഗുരുധർമ്മ പ്രചരണസഭ രജിസ്‌ട്രാർ ടി.വി. രാജേന്ദ്രൻ,മുൻ എം.എൽ.എ വർക്കല കഹാർ എന്നിവർ പങ്കെടുത്തു. അപർണ്ണാരാജ് ഗുരുസ്‌മരണ നടത്തി.

Advertisement
Advertisement