മറൈൻ ഡ്രൈവിൽ സഹകരണ എക്‌സ്‌പോ

Sunday 17 April 2022 12:17 AM IST

കൊച്ചി: സഹകരണ എക്‌സ്‌പോയ്ക്ക് നാളെ തുടക്കമാകും. സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് മറൈൻ ഡ്രൈവിൽ 25 വരെയാണ് എക്സ്പോ. സെമിനാറുകളും പ്രബന്ധാവതരണങ്ങളും ചർച്ചകളും എക്‌സ്‌പോയുടെ ഭാഗമായുണ്ട്. യു.എൽ.സി.സി.എസ്, മിൽമ, മത്സ്യഫെഡ്, റെയ്ഡ് കോ, റബ്കോ, കൺസ്യൂമർഫെഡ്, കേര ഫെഡ്, എൻ.എം.ഡി.സി, കേരള ബാങ്ക് എന്നിവയ്ക്കു പുറമെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, തുടങ്ങിയവയുടെ പവലിയനുകളുമുണ്ട്. എട്ട് യുവജന സഹകരണ സംഘങ്ങളും മേളയിലെത്തും. ഫുഡ് കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. രാവിലെ 9.30 മുതൽ രാത്രി 8.30 വരെയാണ് എക്സ്പോ. പ്രവേശനം സൗജന്യം.

 കലാപരിപാടികൾ

സാംസ്‌കാരിക സായാഹ്നങ്ങളിൽ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, സ്റ്റീഫൻ ദേവസി, ഗൗരി ലക്ഷ്മി, വൈക്കം മാളവിക, പുഷ്പാവതി എന്നിവരുടെ പരിപാടികളും ഇപ്റ്റയുടെ നാട്ടരങ്ങ്, ഊരാളി ബാൻഡ്, കൃഷ്ണ പ്രഭ ജയിൻകാ സ്‌കൂൾ ഒഫ് ആർട്ട്, ആത്മയുടെ ടി.വി ഷോ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
മികച്ച ക്രെഡിറ്റ് സംഘം, അപ്പക്സ് സ്ഥാപനം, പ്രാഥമിക കാർഷിക സഹകരണ സംഘം, ആശുപത്രി സഹകരണ സംഘം, മിസലിനിയസ് സംഘം തുടങ്ങിയവയ്ക്ക് പുരസ്‌കാരങ്ങൾ നൽകും. മികച്ച പങ്കാളിത്തത്തിന് ജില്ലകൾക്കും പുരസ്‌കാരമുണ്ട്. വനിതാ സഹകരണ സംഘങ്ങളുടെ മികച്ച സ്റ്റാൾ, എസ്.സി എസ്.ടി സംഘങ്ങളുടെ മികച്ച സ്റ്റാൾ, യുവജന സംഘങ്ങളുടെ സ്റ്റാൾ എന്നിവയ്ക്കും പുരസ്‌കാരം നൽകും.

 ഉദ്ഘാടനം മുഖ്യമന്ത്രി

നാളെ വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ എക്സ്പോ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. സഹകരണ മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. സ്റ്റാളുകളുടെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ അദീല അബ്ദുള്ള, മേയർ അഡ്വ. എം. അനിൽകുമാർ, ജില്ലാ കളക്ടർ ജാഫർ മാലിക്, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ തുടങ്ങിയവർ സംബന്ധിക്കും.

Advertisement
Advertisement