അക്രമവും കൊലയും പ്രതി‌‌ച്ഛായ തകർത്തു,​ സർക്കാരിനെ രക്ഷിക്കാൻ ആഭ്യന്തര വകുപ്പിൽ കടും ചികിത്സ വേണം

Sunday 17 April 2022 12:08 AM IST

തിരുവനന്തപുരം: ഒന്നാം വാർഷികമാഘോഷിക്കുന്ന ഇടതുമുന്നണി സർക്കാരിന്റെ പ്രതിച്ഛായ തകർത്ത അക്രമങ്ങളും കൊലപാതകങ്ങളും തുടർക്കഥയാവുന്നത് തടയാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിൽ കടുത്ത ചികിത്സ തന്നെ വേണ്ടിവരും. വിമർശന ശരങ്ങൾ മുഖ്യമന്ത്രിക്ക് നേരെയാണ്. ഒരു വശത്ത് പൊലീസിന്റെ നിഷ്ക്രിയത്വം. മറുഭാഗത്ത് പൊലീസിന്റെ അതിക്രമം. രണ്ട് തരത്തിലും നിയന്ത്രണമില്ലാത്ത അവസ്ഥ. അതാണ് മുഖ്യമന്ത്രിക്കെതിരെ വിമർശനം ശക്തമാക്കുന്നത്.

കൊലപാതകങ്ങൾ ആവർത്തിക്കുമ്പോൾ അത് മുൻകൂട്ടി തടയാനാവാത്ത ആഭ്യന്തരവകുപ്പിൽ എന്ത് ഭരണമാണെന്ന പ്രതിപക്ഷത്തിന്റെ ചോദ്യം മുഖ്യമന്ത്രിയോടാണ്. വാർഷികവേളയിൽ ഇതിന് മറുപടി നൽകാൻ ആഭ്യന്തരവകുപ്പിൽ ചെറിയ ചികിത്സ മതിയാവില്ല. പൊലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ലെന്ന് നേരത്തേ മുതൽ ആക്ഷേപിക്കുന്ന പ്രതിപക്ഷം പുതിയ സാഹചര്യത്തിൽ വിമർശനം കടുപ്പിക്കുന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കും.
രണ്ടാം പിണറായി സർക്കാരിന് തുടക്കം മുതൽ പേരുദോഷമുണ്ടാക്കുകയാണ് പൊലീസ് സംവിധാനം. സി.പി.എം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടന്ന ലോക്കൽ, ഏരിയാ, ജില്ലാ സമ്മേളനങ്ങളിലെല്ലാം പൊലീസിനെതിരെ നിശിതവിമർശനം ഉയർന്നിരുന്നു.

ആലപ്പുഴയിൽ നടന്നതിന് സമാനമായി അടുത്തടുത്ത് രണ്ട് കൊലപാതകങ്ങളാണ് പാലക്കാട്ട് നടന്നത്. അത് തടയുന്നതിൽ ആഭ്യന്തരവകുപ്പിന്റെ ഇന്റലിജൻസ് പൂർണ പരാജയമായി. പാലക്കാട് സംഭവത്തിന് വർഗീയമാനം വന്നതും സ്ഥിതി കൂടുതൽ ആശങ്കാകുലമാക്കി. പൊലീസ് ഭരണത്തിനെതിരെ സി.പി.എമ്മിനും ഇടതുമുന്നണിക്കും അകത്തും പുറത്തും നിന്നുയരുന്ന ആരോപണങ്ങളെ ബലപ്പെടുത്തുന്നതാണ് പുതിയ സംഭവങ്ങളെന്നിരിക്കെ ക്രമസമാധാനത്തകർച്ച ആയുധമാക്കി പ്രതിപക്ഷം സർക്കാരിനെതിരെ ആരോപണം കടുപ്പിച്ചു.

പൊലീസ് നിഷ്ക്രിയമാകുന്നിടത്ത് പൊലീസിനെ ആക്രമിക്കുന്ന നിലയിലേക്ക് വരെ ഗുണ്ടകൾ വളരുന്നു. തിരുവനന്തപുരത്ത് ഹോട്ടലിൽ പട്ടാപ്പകൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നതും മുൻകൂട്ടി തടയാൻ പൊലീസിനായിരുന്നില്ല. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടന്ന ദിവസങ്ങളിൽ തലസ്ഥാനനഗരിയിൽ ഗുണ്ടകൾ പരസ്പരം പോരടിക്കുകയും വെട്ടുകയും ചെയ്‌തപ്പോഴും പൊലീസിന് കാഴ്ചക്കാരുടെ റോളായി.

ഇപ്പോൾ പാലക്കാടുണ്ടായ സംഭവത്തെ ചൊല്ലി ആർ.എസ്.എസ് - എസ്.ഡി.പി.ഐ പോര് ശക്തിപ്പെടുന്നത് സൃഷ്ടിക്കുന്ന അപകടകരമായ രാഷ്ട്രീയാന്തരീക്ഷം വിഷയത്തിന്റെ ഗൗരവം കൂട്ടുന്നുണ്ട്.

Advertisement
Advertisement