വില്ലനായി വെള്ളീച്ച,​ ശനിദശ ഒഴിയാതെ കേര കർഷകർ

Monday 18 April 2022 12:21 AM IST
തെങ്ങുകളിൽ വെള്ളീച്ച

കോഴിക്കോട്: കേരകർഷകർക്ക് പ്രതീക്ഷ നൽകി നാളികേര വില ഉയരുമ്പോഴും തെങ്ങുകളിൽ പടരുന്ന കീടബാധ പ്രതിസന്ധിയാവുന്നു. ഫംഗസ് ബാധ, കുമിൾ രോഗം, മഞ്ഞളിപ്പ്, കൂമ്പ് ചീയൽ എന്നിവയ്ക്കു പുറമെ വെള്ളീച്ച ശല്യം വ്യാപിക്കുന്നതാണ് കർഷകരെ കണ്ണീരിലാക്കുന്നത്. വേനൽ കടുത്തതാണ് പലവിധ രോഗങ്ങളുടെയും വ്യാപനത്തിന് കാരണമെന്നാണ് കർഷകർ പറയുന്നത്. ഓലയുടെ അടിവശത്ത് കൂട്ടമായിരുന്ന് നീര് ഊറ്റി കുടിക്കുന്ന വെള്ളീച്ചകൾ കായ്ഫലം കുറയാൻ ഇടയാക്കും. വെള്ളീച്ചകളുടെ സ്രവം മൂലം ഉണ്ടാകുന്ന സൂട്ടിമോൾ എന്ന പൂപ്പൽ തെങ്ങിലെ ഹരിതക പ്രവർത്തനം തടയുകയും ഇതുമൂലം കായ്ഫലം കുറയുകയും ചെയ്യും.വെള്ളീച്ചകൾ തെങ്ങിൽ നിന്ന് മറ്റ് വിളകളിലേയ്ക്കും വ്യാപിക്കും.

മണ്ണിലെ ധാതു ലവണങ്ങളുടെയും മൂലകങ്ങളുടെയും ഘടനയിൽ വന്ന മാറ്റമാണ് രോഗബാധയ്ക്ക് കാരണമെന്നാണ് കൃഷി വകുപ്പ് പറയുന്നത്. മഗ്‌നീഷ്യത്തിന്റെ അളവ് കുറയുന്നതാണ് ഓലകളിലെ മഞ്ഞളിപ്പിന് ഇടയാക്കുന്നത്. കീടനാശിനി പ്രയോഗം ഫലപ്രദമാണെങ്കിലും ഏതെങ്കിലും ഒരു വ്യക്തി ചെയ്തതുകൊണ്ട് പ്രയോജനമില്ലെന്നാണ് കർഷകർ പറയുന്നത്. മരുന്നടിക്കാത്ത തോട്ടങ്ങളിൽ നിന്ന് രോഗം പടരാനുള്ള സാദ്ധ്യത ഏറെയാണ്. ഇതിന് പരിഹാരമായി സർക്കാരിന്റെ സംയോജിത കീടനാശിനി പ്രയോഗം വ്യാപകമാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

നേരത്തെ തേങ്ങയിടുന്നവർ തെങ്ങിന്റെ മുകൾ ഭാഗമെല്ലാം വൃത്തിയാക്കിയായിരുന്നു. ഇപ്പോൾ തേങ്ങയിടൽ മാത്രമായൊതുങ്ങി. അതുകൊണ്ട് തന്നെ കൂമ്പ് ചീഞ്ഞ് തൂങ്ങുമ്പോഴാണ് രോഗമുണ്ടെന്ന് മനസിലാവുക. പിന്നെ തെങ്ങ് വെട്ടി കത്തിക്കണം. നല്ല കായ്ഫലമുള്ള തെങ്ങുകളിലാണ് പലപ്പോഴും കൂമ്പ് ചൂയൽ ബാധിക്കുന്നത്.

@ തെങ്ങുകളിലെ രോഗബാധ പരിഹരിക്കാൻ വ്യക്തമായ ആസൂത്രണത്തോടെ സർക്കാർ പ്രവർത്തനങ്ങൾ നടത്തണം. ജൈവരീതിയിലുള്ള പരിഹാര മാർഗങ്ങളും സഹായങ്ങളും എല്ലായിടങ്ങളിലും എത്തിക്കാൻ കഴിയണം. എങ്കിലേ കീടബാധയെ തുരത്താനാവൂ.

പി.പ്രദീപ് കുമാർ

ചെയർമാൻ, കോക്കനട്ട് ഫാർമേഴ്സ് പ്രൊ‌ഡ്യൂസർ കമ്പനി.

Advertisement
Advertisement