എൽ.ഐ.സി ഓഹരി വില്പന: എഫ്.ഡി.ഐ ചട്ടത്തിൽ ഭേദഗതിയുമായി കേന്ദ്രം

Monday 18 April 2022 3:00 AM IST

ന്യൂഡൽഹി: എൽ.ഐ.സിയുടെ ഓഹരി വില്പനയ്ക്ക് മുന്നോടിയായി ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ടിൽ (ഫെമ) ഭേദഗതിയുമായി കേന്ദ്രം. എൽ.ഐ.സിയിൽ ഓട്ടോമാറ്റിക് റൂട്ടിലൂടെ 20 ശതമാനം വരെ നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ) അനുവദിക്കുന്നതിന്റെ ഭാഗമായാണിത്.

ഇന്ത്യയിലെ സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളിൽ പരമാവധി 74 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്രത്തിന്റെ അനുമതിയുണ്ട്. എൽ.ഐ.സിക്ക് ഇത് ബാധകമല്ല. പാർലമെന്റിൽ പാസാക്കിയ നിയമംവഴി സ്ഥാപിതമായ കമ്പനിയാണെന്നതാണ് എൽ.ഐ.സി ഒഴിവാകാൻ കാരണം.

ഏതെങ്കിലുമൊരു ഇന്ത്യൻ സ്ഥാപനത്തിന്റെ കുറഞ്ഞത് പത്തുശതമാനം ഓഹരികൾ വിദേശ പൗരനോ സ്ഥാപനങ്ങളോ സ്വന്തമാക്കുന്നതിനെയാണ് നേരിട്ടുള്ള വിദേശ നിക്ഷേപമായി (എഫ്.ഡി.ഐ) റിസർവ് ബാങ്ക് നിർവചിക്കുന്നത്. എഫ്.ഡി.ഐ നയം പരിഷ്‌കരിക്കുന്നതോടെ, പ്രാരംഭ ഓഹരി വില്പനവേളയിൽ എൽ.ഐ.സിയുടെ ഓഹരി സ്വന്തമാക്കാൻ വൻ പെൻഷൻ/ഇൻഷ്വറൻസ് ഫണ്ടുകൾക്ക് സാധിക്കും.

എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പനയ്ക്കുള്ള (ഐ.പി.ഒ) അപേക്ഷ (ഡി.ആർ.എച്ച്.പി) സെബി അംഗീകരിച്ചിരുന്നു. അടുത്തമാസമാദ്യം ഐ.പി.ഒ നടത്താനുള്ള ഒരുക്കത്തിലാണ് സർക്കാർ. നിലവിൽ എൽ.ഐ.സിയുടെ 100 ശതമാനം ഓഹരികളും കേന്ദ്രത്തിന്റെ കൈവശമാണ്. അഞ്ചുശതമാനം ഓഹരികളാണ് ഐ.പി.ഒയിലൂടെ വിറ്റഴിച്ചേക്കുക. ഇതിലൂടെ 63,000 കോടിയോളം രൂപവരെ നേടാമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.

Advertisement
Advertisement