സി.പി.എം നേതൃയോഗങ്ങൾ ഇന്ന് മുതൽ: ട്രേഡ് യൂണിയൻ സമരങ്ങൾ തീർക്കാൻ ഇടപെട്ടേക്കും

Monday 18 April 2022 1:38 AM IST

എൽ.ഡി.എഫ് കൺവീനർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി മാറ്റത്തിന് സാദ്ധ്യത

തിരുവനന്തപുരം: വൈദ്യുതി ബോർഡിലും കെ.എസ്.ആർ.ടി.സിയിലും ജല അതോറിട്ടിയിലും ഭരണാനുകൂല ട്രേഡ് യൂണിയൻ നടത്തി വരുന്ന സമരങ്ങൾ അവസാനിപ്പിക്കാനുള്ള നടപടികൾ ഇന്നാരംഭിക്കുന്ന സി.പി.എം നേതൃയോഗങ്ങളിൽ ഉണ്ടായേക്കും.ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും, നാളെ സംസ്ഥാന കമ്മിറ്റിയും

ചേരും..

വൈദ്യുതി ബോർഡിൽ നടക്കുന്നത് ഉദ്യോഗസ്ഥ സംഘടനയുടെ സമരമാണെങ്കിൽ, കെ.എസ്.ആർ.ടി.സിയിലും ജല അതോറിട്ടിയിലും സി.ഐ.ടി.യു നേരിട്ടാണ് സമരരംഗത്ത്. കെ.എസ്.ആർ.ടി.സിയിലേത് ശമ്പളം മുടങ്ങിയതിലുള്ള സമരമാണെങ്കിലും, ജനങ്ങളോട് നേരിട്ടിടപെടേണ്ടി വരുന്ന മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളിൽ സി.ഐ.ടി.യു തന്നെ സമരത്തിൽ മുന്നിൽ നിൽക്കുന്നത് വാർഷികാഘോഷവേളയിൽ സർക്കാരിന് ക്ഷീണമാകുമെന്ന വിലയിരുത്തലാണ് സി.പി.എമ്മിന്.

പാർട്ടി ചുമതലകൾ മാറും

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗമായ സ്ഥിതിക്ക് അദ്ദേഹത്തെ പാർട്ടി ചുമതലയിലേക്ക് മാറ്റിയേക്കും. കൊച്ചി സംസ്ഥാന സമ്മേളനത്തിൽ വച്ച് സംസ്ഥാന കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയ പി. ശശി പൊളിറ്റിക്കൽ സെക്രട്ടറിയായേക്കുമെന്നാണ് സൂചനകൾ.

എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ കണ്ണൂർ പാർട്ടി കോൺഗ്രസിൽ പോളിറ്റ്ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ അദ്ദേഹം കൺവീനർ സ്ഥാനമൊഴിഞ്ഞേക്കും. പുതിയ കൺവീനർ സ്ഥാനത്തേക്ക് കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്റെയും എ.കെ. ബാലന്റെയും പേരുകൾ പ്രചരിക്കുന്നുണ്ട്.

പാർട്ടി മുഖപത്രത്തിന്റെ മുഖ്യ പത്രാധിപ സ്ഥാനത്ത് ഇപ്പോൾ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് . അദ്ദേഹത്തിന് പകരം മുഴുവൻ സമയ പത്രാധിപരായി സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ആരെങ്കിലും വന്നേക്കും. പാർട്ടി സൈദ്ധാന്തിക വാരികയായ ചിന്തയുടെ ചുമതലയിലിപ്പോൾ സംസ്ഥാനസമിതി അംഗമായിരുന്ന സി.പി. നാരായണനാണ്. സംസ്ഥാന സമിതിയിൽ നിന്നൊഴിവായ അദ്ദേഹം ചിന്തയുടെ ചുമതലയും ഒഴിഞ്ഞേക്കും. അതിലേക്ക് സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ആരെങ്കിലും വരാം. പാർട്ടി മുഖപത്രത്തിന്റെ ജനറൽ മാനേജരായി കെ.ജെ. തോമസാണ് നിലവിൽ. അദ്ദേഹം പ്രായപരിധി നിബന്ധനയിൽ സെക്രട്ടേറിയറ്റിൽ നിന്നും സംസ്ഥാന സമിതിയിൽ നിന്നും ഒഴിവായെങ്കിലും തൽക്കാലം പത്രത്തിന്റെ ജനറൽമാനേജരായി തുടരും. സംസ്ഥാനസമിതിയിൽ അദ്ദേഹമിപ്പോൾ ക്ഷണിതാവാണ്. സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായ ആനത്തലവട്ടം ആനന്ദൻ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റായി തൽക്കാലം തുടരും.

Advertisement
Advertisement