ഈ റമസാൻ സൊറ തുടരും

Monday 18 April 2022 12:29 AM IST
പൊന്നാനി ടി കെ ഹൗസിലെ കോലായയിൽ സൊറ പറയാൻ ഒത്തുകൂടിയവർ

പൊന്നാനി: റമസാനിന്റെ രാത്രികളെ ഉറക്കമില്ലാതെ കൊണ്ടുപോയിരുന്ന സൊറ പറച്ചിലുകാർ പൊന്നാനിയിൽ ഇന്നുമുണ്ട്. കഴിഞ്ഞ കാലങ്ങളിൽ പൊന്നാനിയുടെ ഒട്ടുമിക്ക തറവാടു വീടുകളുടെയും കയ്യാലകളിൽ സജീവമായുണ്ടായിരുന്ന സൊറ പറച്ചിലുകാരുടെ പിന്തുടർച്ച അതുപോലെ തുടരുന്നത് പൊന്നാനി ജെ എം റോഡിലെ തരകം കോജിനകം വീട്ടിലാണ്. കഴിഞ്ഞ മൂന്ന് തലമുറയായി റമസാനിന്റെ രാവിനെ പകലാക്കി സൊറ പറച്ചിൽ ഇവിടെ തുടരുന്നുണ്ട്.

തറാവീഹ് നമസ്‌ക്കാര ശേഷം തറവാട് വീടിന്റെ വിശാലമായ കയ്യാല(കോലായ)യിൽ ചങ്ങാതിക്കൂട്ടം ഒരുമിച്ചുകൂടി നാട്ടുവർത്തമാനം പറഞ്ഞിരിക്കുന്നതിനാണ് സൊറ പറച്ചിലെന്ന് പറഞ്ഞിരുന്നത്. വീടുകളുടെ വലിപ്പത്തിനനുസരിച്ച് ചങ്ങാതിക്കൂട്ടത്തിന്റെ വലിപ്പവും കൂടും. രാത്രി പത്തു മണി മുതൽ പുലർച്ചെ രണ്ടു മണി വരെ തുടരുന്നതാണിത്. ആ ദിവസം നടന്ന നാട്ടിലെ എല്ലാ കാര്യവും ചങ്ങാതിക്കൂട്ടം ചർച്ച ചെയ്യും. മതവും രാഷ്ട്രീയവും സാംസ്‌ക്കാരികവും അതിൽപെടും.

സൊറ പറച്ചിലിനിടെ വയറു നിറക്കാനുള്ളത് ഓരോരുത്തരും വീടുകളിൽ നിന്ന് കൊണ്ടുവരും. നോമ്പ് തുറ വിഭവങ്ങളിൽ ബാക്കിയുള്ളതായിരിക്കും സൊറ പറച്ചിലിനെത്തുന്നവർ കയ്യിൽ കരുതുക. അത്താഴ സമയമറിയിക്കുന്ന പുലർച്ചെ രണ്ടു മണിയുടെ സൈറൺ മുഴങ്ങുന്നതു വരെ തിന്നും പറഞ്ഞും ചിലവഴിക്കും. പല ദിവസങ്ങളിലും പറഞ്ഞു തീരാതെയായിരിക്കും സൊറ പറച്ചിൽ അവസാനിപ്പിക്കുക. അങ്ങാടിയിലെ രായിച്ചിന്റകം, പുതിയ കൊങ്ങണം വീട് എന്നിവിടങ്ങളിലാണ് പ്രധാനമായും സൊറ പറച്ചിലുകാർ ഒത്തുകൂടിയിരുന്നത്.

തറവാടു വീടുകൾ അണുകുടുംബങ്ങളായി മാറിതോടെ പാതിരാവ് വരെ നീളുന്ന സൊറ പറച്ചിലുകൾ ഇല്ലാതാകാൻ തുടങ്ങി. പഴയ പതിവ് ഇപ്പോഴും തുടരുന്നത് തരകം കോജിനകമെന്ന ടി കെ ഹൗസിലാണ്. കഴിഞ്ഞ തലമുറയിലെ ആലി ഹസൻ കുട്ടിയും, ടി കെ കുഞ്ഞാട്ടിയും ചെയ്തത് ഇപ്പോഴത്തെ തലമുറയെ ടി കെ ഇസ്മയിലും, ടി കെ അഷ്രഫും, ടി കെ സലീമും തുടരുന്നു. തറാവീഹ് നമസ്‌ക്കാരം കഴിഞ്ഞാൽ ഇവരുടെ ചങ്ങാതിക്കൂട്ടങ്ങൾ ടി കെ ഹൗസിലെ കോലായയിലെത്തും. വരുന്നവരുടെ കയ്യിൽ മുട്ടപ്പത്തിരിയുടെ പൊതിയുണ്ടാകും. ചായയൊ തരിക്കഞ്ഞിയൊ വീട്ടകാർ കരുതും. വ്യക്തി ആക്ഷേപങ്ങളൊഴിച്ച് നാട്ടിലെ സകലതും ചർച്ചക്കെടുക്കും. തമാശയും കാര്യങ്ങളുമായി ചർച്ചയങ്ങനെ നീണ്ടു പോകും.

മുൻ നഗരസഭ ചെയർമാൻ വി പി ഹുസൈൻ കോയ തങ്ങൾ, ഹയർ സെക്കണ്ടറി മുൻ ജോയിന്റ് ഡയറക്ടർ ഇമ്പിച്ചിക്കോയ, പുതുപൊന്നാനി എം ഐ ഗേൾസിലെ പ്രധാന അധ്യാപകൻ പി എം ജർജീസ്, വി ബഷീർ, ടി കെ സാദിഖ്, യു കെ കബീർ, കെ എം അബ്ദുറഹിമാൻ, പി റഷീദ്, പി എച്ച് ഗഫൂർ, കെ വി ബാബു തുടങ്ങി പത്തിലേറെ പേർ സൊറ പറച്ചിലിന് പതിവുകാരായുണ്ടാകും. ഒപ്പം അവധിക്കെത്തിയ പ്രവാസികളുമുണ്ടാകും.

അത്താഴ സമയം വരെ ഉറങ്ങാതെ കഴിച്ചുകൂട്ടാൻ സൗഹൃദത്തിന്റെയും കൂടിച്ചേരലിന്റെയും വിവിധങ്ങളായ ആസ്വാദനങ്ങളാണ് റമദാനിൽ പൊന്നാനിക്ക് സ്വന്തമായുള്ളത്. സൗഹൃദ കൂട്ടായ്മക്ക് കരുത്തു പകരുന്ന റമദാൻ രാവിലെ സൊറ പറച്ചിൽ മുടക്കമില്ലാതെ തുടരാൻ തന്നെയാണ് ടി കെ ഹൗസിലെ ഇപ്പോഴത്തെ താമസക്കാരായ ടി കെ സലീമിന്റെ തീരുമാനം.

Advertisement
Advertisement