കരുണയും ഖസാക്കും വീട്ടുമതിലിൽ, കഥാപാത്രങ്ങൾക്ക് വൻ ഡിമാൻഡ്

Sunday 17 April 2022 11:08 PM IST

തൃശൂർ:ഒൗദ്യോഗിക ജീവിതം മുഴുവൻ പുസ്തകങ്ങൾക്ക് ഒപ്പമായിരുന്ന ജയൻ അവണൂർ വിരമിച്ചപ്പോൾ, ആ ഓർമ്മകൾക്ക് ജീവൻ നൽകാൻ വീടിന്റെ മതിലിലും സാഹിത്യ ലോകം സൃഷ്ടിച്ചു.

കുമാരനാശാന്റെ കരുണയും ഒ.വി. വിജയന്റ ഖസാക്കിന്റെ ഇതിഹാസവും എം.ടിയുടെ

രണ്ടാമൂഴവും ബെന്യാമിന്റെ ആടുജീവിതവും കവർ ചിത്രങ്ങൾപോലെ വീട്ടുമതിലിൽ സ്ഥാനം പിടിച്ചു. വീട്ടിലെ ലൈബ്രറിയിൽ നിന്ന് ഇറങ്ങിവന്ന കഥാപാത്രങ്ങളെപ്പോലെ അവയെ കോറിയിട്ടത്

ജയന്റെ മനസ് അറിയാവുന്ന അടുത്ത സുഹൃത്ത് ആർട്ടിസ്റ്റ് സജീവൻ. സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ സജീവന്റെ ഫോണിന് വിശ്രമമില്ല. കോളേജുകളിൽ നിന്നും സ്കൂളുകളിൽ നിന്നും ലൈബ്രറികളിൽ നിന്നും നിരന്തരം വിളിക്കുകയാണ്. കേരളത്തിന്റെ സ്വന്തം കഥാപാത്രങ്ങളെ

എല്ലാവർക്കും ചുവരുകളിലേക്ക് ആവാഹിക്കണം.

ഒരു വർഷം മുമ്പ് സീനിയർ ഗ്രേഡ് ലൈബ്രേറിയനായി വിരമിച്ച ഗ്രന്ഥാശാലാ പ്രവർത്തകൻ അവണൂർ പുളിയേങ്കോട്ട് വീട്ടിൽ ജയൻ അവണൂരിന്റെ ആഗ്രഹം, ഒരു മാസം കൊണ്ടാണ് അത്താണി സ്വദേശിയായ സജീവൻ സഫലമാക്കിയത്. കഥാപാത്രങ്ങളെ വരയ്ക്കാൻ തീരുമാനിച്ചതും തിരഞ്ഞെടുത്തതും സജീവൻ തന്നെയാണ്.

ജയന്റെ ഭാര്യ അദ്ധ്യാപികയായ ഗീതയും മകൾ ബി.കോം വിദ്യാർത്ഥിനി കല്യാണിയും സജീവന്റെ ഭാര്യ ബിനിതയും, മക്കളായ ദേവനന്ദയും ദേവാനന്ദുമെല്ലാം വീട്ടുമതിൽ ചിത്രങ്ങൾ വൈറലായതിന്റെ സന്തോഷത്തിലാണ്.

പഠിക്കാതെ പഠിച്ച

ചിത്രകല

ചിത്രകല പഠിച്ചിട്ടില്ലാത്ത സജീവന്റെ തുടക്കം രാഷ്ട്രീയ പാർട്ടികളുടെ ബോർഡ് എഴുത്തിലായിരുന്നു. പിന്നെ, നാടക ബോർഡുകളായി. അതിലെ മിഴിവുകണ്ടാണ് തെയ്യം രൂപങ്ങൾ ഒരുക്കാൻ അവസരം കിട്ടി. ഇപ്പോൾ അതിന്റെ തിരക്കിലാണ്.

ചിത്രകാരിയായ ഭാര്യയും ബോർഡെഴുതാൻ കൂടെ വരും. മക്കൾക്കും ചിത്രരചനയിലാണ് കമ്പം. അത്താണി കെൽട്രോണിന് സമീപമാണ് താമസം.

`പുസ്തകം ഉയിർ ആയ മനുഷ്യർ. ഒരു മുൻ ലൈബ്രേറിയന്റെ വീട്ടുമതിൽ ഇങ്ങനെയാകാതെ തരമില്ലല്ലോ.'

-ബെന്യാമിൻ

(ഫേസ്ബുക്കിൽ കുറിച്ചത്)

`എന്റെ മനസ് അറിഞ്ഞുകൊണ്ടു തന്നെയാണ് സജീവൻ വരച്ചിട്ടത്. '

-ജയൻ അവണൂർ

`ചിത്രകലയോടും സാഹിത്യത്തോടുമുളള സേവനമാണിത്. പുസ്തകം വായിക്കാനുളള പ്രചോദനമുണ്ടാകാൻ കൂടിയാണ്.'

-ആർട്ടിസ്റ്റ് സജീവൻ

Advertisement
Advertisement