ആഞ്ഞിലികുന്ന്‌ - കോട്ടമുക്ക് റോഡുപണിയിൽ ക്രമക്കേടെന്ന് പരാതി

Monday 18 April 2022 12:04 AM IST
ആഞ്ഞിലികുന്ന്‌ കോട്ടമുക്ക് റോഡിൽ ടാറിങ്ങിന്റെ വശങ്ങളിൽ ഇരുചക്രവാഹങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ കല്ലുകൾ നിരത്തി വച്ചിരിക്കുന്നു

കോന്നി: ആഞ്ഞിലികുന്നു - കിഴക്കുപുറം കോട്ടമുക്ക് റോഡുപണികൾ പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയെങ്കിലും റോഡ് വികസനത്തിൽ അപാകതകളെന്ന് പരാതി. പൊതുമരാമത്ത് വകുപ്പിന്റെ നാല് കിലോമീറ്റർ ദൂരമുള്ള റോഡ് കോന്നി പഞ്ചായത്തിലെ ആഞ്ഞിലികുന്നിൽ നിന്നും തുടങ്ങി മലയാലപ്പുഴ പഞ്ചായത്തിലെ ഇലകുളം കോട്ടമുക്കിലാണ് അവസാനിക്കുന്നത്. ആറു കോടിമുതൽ മുടക്കിയാണ് റോഡ് വികസനം നടന്നത്. മഴക്കാലത്ത് മലഞ്ചരുവിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം കലുങ്കുകളുടെ അടിയിൽ മണ്ണ് അടിഞ്ഞു കൂടിയതിനാൽ റോഡിലൂയോടെയാണ് മഴവെള്ളം ഒഴുകുന്നത്. റോഡിൽ ആവശ്യമുള്ള സ്ഥലങ്ങളിൽ ക്രാഷ് ബാരിയറുകളും ഇന്റർലോക്കും സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായിട്ടില്ല. ടാറിംഗിന്റെ വശങ്ങൾ ലെവൽ ചെയ്യാത്തതിനാൽ ഇരുചക്ര വാഹങ്ങൾ അപകടത്തിൽ പെടുന്നുമുണ്ട്. പൊന്നമ്പി ഭാഗങ്ങളിലെ ചരിഞ്ഞ മലപ്രദേശത്തു റോഡിന് സംരക്ഷണ ഭിത്തികൾ നിർമ്മിക്കാത്തതിനാൽ റോഡിന്റെ വശങ്ങളിലെ തിട്ടകൾ ഇടിയുന്നുണ്ട്. കിടങ്ങേൽ പടിയിലെ കലുങ്കിന്റെ പണികൾ പൂർത്തിയാക്കിയിട്ടുമില്ല.

റോഡിന്റെ പല ഭാഗങ്ങളിലു വീതി കുറവ്

5.5 മീറ്റർ വീതിയിൽ റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന റോഡിൽ പലഭാഗങ്ങളിലും വീതി കുറച്ചാണു ടാറിംഗ് നടത്തിയതെന്നും നാട്ടുകാർ ആരോപിക്കുന്നു. റോഡ് പണിക്കിടെ നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടികാട്ടി നാട്ടുകാർ പണികൾ തടഞ്ഞ സംഭവവും മുൻപ് ഉണ്ടായിട്ടുണ്ട്. ശബരിമല തീർത്ഥാടനകാലത്ത് തമിഴ് നാട്ടിൽ നിന്നും കാൽനടയായി വരുന്ന തീർത്ഥാടകർ അച്ചൻകോവിൽ, കല്ലേലി, കോന്നി വഴി ഈ റോഡിലൂടെയാണ് മലയാലപ്പുഴയിലേക്കും തുടർന്ന് എരുമേലിയിലേക്കും പോകുന്നത്.

.............

റോഡിലെ ആഞ്ഞിലിക്കുന്ന് മുതൽ കോട്ടമുക്ക് വരെയുള്ള ഭാഗങ്ങളാണ് രണ്ടുവരി പാതയാക്കിയത്. ബാക്കിയുള്ള കോട്ടമുക്ക് മുക്ക് മുതൽ മലയാലപ്പുഴ കാഞ്ഞിരപ്പറ വരെയുള്ള ഒന്നര കിലോമീറ്റർ ഭാഗങ്ങൾ കൂടി രണ്ടു വരിപ്പാതയായി വികസിപ്പിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം

പ്രകാശ് കിഴക്കുപുറം

(ബി.ഡി.വൈ.എസ് ജില്ലാ സെക്രട്ടറി)

.......................

6 കോടിമുടക്കിപ്പണിത റോഡ്

Advertisement
Advertisement