പാടി, പഠിപ്പിച്ച് മറഞ്ഞു, സരസ്വതീ പുത്രൻ

Monday 18 April 2022 12:50 AM IST

തിരുവനന്തപുരം:അവസാന നാളുകളിലും പുതിയ തലമുറയ്ക്ക് സംഗീതം പകർന്നു നൽകിയാണ് രത്നാകരൻ ഭാഗവതർ മരണത്തിൽ ലയിച്ചത്. ഒരാഴ്ച മുമ്പു വരെ വിദ്യാർത്ഥികളുമായി ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് സമീപത്ത് 'ശിവഭവനിൽ' സംഗീത കച്ചേരി നടത്തിയിരുന്നു.

ഇന്ന് കുട്ടികൾ ഓൺലൈൻ ക്ലാസിനായി ടി.വിക്കും മൊബൈലിനും മുന്നിൽ ഇരിക്കുന്നതു പോലെ സംഗീതം പഠിക്കാൻ റേഡിയോയുടെ മുന്നിലിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിന് നിമിത്തമായത് രത്നാകരൻ ഭാഗവതരുടെ ലളിത സംഗീത പാഠങ്ങളായിരുന്നു. 90വയസുവരെ ആകാശവാണിയിലെത്തി സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു.

ആയിരത്തിലേറെ ലളിത ഗാനങ്ങൾക്ക് ഭാഗവതർ ഈണം നൽകിയിട്ടുണ്ട്. 1973ൽ മനുഷ്യപുത്രൻ എന്ന ചിത്രത്തിലെ ഒരു നാടൻ പാട്ടിന് ഈണം നൽകി. ''അന്ന് എനിക്ക് സ്വർഗമായിരുന്നു ആകാശവാണി. അവിടെ നല്ല തിരക്കുമുണ്ടായിരുന്നു.''- സിനിമയിൽ സ‌ജീവമാകാത്തതിന് കാരണമായി ഭാഗവതർ ഒരിക്കൽ പറഞ്ഞു.

 ഗുരുദേവ സന്നിധിയിൽ ലഭിച്ച നിധി

സംഗീതജ്ഞനും തകിൽവാദകനുമായിരുന്ന പിതാവ് ശിവരാമൻ ഭാഗവതരാണ് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പകർന്നത്. ആദ്യം ശാസ്ത്രീയ സംഗീതപരിപാടി അവതരിപ്പിച്ചത് 14-ാം വയസിൽ ശിവഗിരിയിലായിരുന്നു. കച്ചേരി കഴിഞ്ഞ ഉടൻ ഗുരുദേവന്റെ ശിഷ്യന്മാർ ചുറ്റും കൂടി ഗുരുദേവന്റെ അനുഗ്രഹം ലഭിച്ചെന്ന് പറഞ്ഞ് അഭിനന്ദിച്ചു. അന്ന് അവർ ഒരു സ്വർണ്ണ മെഡൽ അണിയിച്ചു. നിധി പോലെ സൂക്ഷിച്ചിരുന്ന ആ മെഡൽ കുടുംബത്തിന് ദാരിദ്ര്യം വന്നപ്പോൾ വിൽക്കേണ്ടി വന്നതിന്റെ നഷ്ടബോധം ഉണ്ടായിരുന്നു. സ്വാതി തിരുനാൾ സംഗീതസഭയുടെ ഗായകരത്നം പുരസ്കാരം ഉൾപ്പെടെ കിട്ടിയെങ്കിലും സർക്കാരിന്റെ അംഗീകാരം ലഭിച്ചില്ല. അദ്ദേഹത്തിന്റെ പേരിൽ ശിഷ്യർ സംഗീതസഭ രൂപീകരിച്ചിരുന്നു.

''രത്നാകരൻ ഭാഗവതർ സംഗീതത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച സരസ്വതീ പുത്രനാണ്. എത്രയോ ശിഷ്യഗണങ്ങളാണ് അദ്ദേഹത്തിനുള്ളത്. സംഗീതമായിരുന്നു അദ്ദേഹത്തിന്റെ പ്രാണൻ''

- കെ.ജെ.യേശുദാസ്

ഭാഗവതർ ഈണം നൽകിയ

പ്രശസ്ത ലളിതഗാനങ്ങളിൽ 5 എണ്ണം

1. കുളിരുകോരുകയാണ് കരളേ...

2. കണ്ണാ,​ കാർമുകിൽ വർണ്ണാ...

3. ആടിമാസത്തിലെ...

4. യാമിനി യാമിനി..

5. കതിരെല്ലാം കൊയ്യാറായി.

Advertisement
Advertisement