പാലക്കാട് കൊലപാതകങ്ങളിലെ പ്രതികൾ പൊലീസ് വലയിൽ സുബൈർ വധത്തിലെ മൂന്നുപേർ ഇന്ന് അറസ്റ്റിലായേക്കും ശ്രീനിവാസന്റെ കൊലയാളികളെ തിരിച്ചറിഞ്ഞു

Tuesday 19 April 2022 2:41 AM IST

പാലക്കാട്: നാടിനെ നടുക്കിയ രാഷ്ട്രീയകൊലപാതകങ്ങളിലെ പ്രതികളെയെല്ലാം പൊലീസ് തിരിച്ചറിഞ്ഞെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. ഒരു കേസിൽ എസ്.ഡി.പി.ഐ - പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും മറ്റേതിൽ ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകരുമാണ് പ്രതികൾ. ഒളിവിൽ കഴിയുന്ന പ്രതികൾ ആരെല്ലാമാണെന്നും ഇവരുടെ ഒളിത്താവളങ്ങൾ എവിടെയെന്നും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവരും പ്രതികൾക്ക് വാഹനവും ആയുധങ്ങളും എത്തിച്ചുനൽകിയവരും ഉൾപ്പെടെയുള്ളവരിലേക്കാണ് അന്വേഷണം നീങ്ങുന്നത്.

സുബൈർ വധക്കേസിൽ നിലവിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രമേശ്, ശരവണൻ, അറുമുഖൻ എന്നിവരെയാണ് കസബ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്നാണ് സൂചന. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

പിടിയിലായ രമേശ് വാടകയ്‌ക്കെടുത്ത കാറിലാണ് സംഭവ സ്ഥലത്തു നിന്ന് പ്രതികൾ രക്ഷപ്പെട്ടത്. കൃപേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കാർ, അലിയാറിൽ നിന്നാണ് രമേശ് വാടകയ്‌ക്കെടുത്തത്. 2021 നവംബർ 15ന് കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കാർ ഉപയോഗിച്ചാണ് പ്രതികൾ സുബൈറിനെ ഇടിച്ചുവീഴ്ത്തിയത്. തുടർന്ന് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രമേശ് വാടകയ്‌ക്കെടുത്ത കാറിൽ രക്ഷപ്പെടുകയായിരുന്നു. ഈ കാർ അന്നു വൈകിട്ട് തന്നെ കഞ്ചിക്കോട്ട് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു.

കഞ്ചിക്കോട്ടുനിന്ന് പ്രതികളുടേതെന്ന് സംശയിക്കുന്ന ചില സി.സി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാർ വഴിയരികിൽ ഉപേക്ഷിച്ച ശേഷം ദേശീയപാതയിലൂടെ മൂന്നുപേർ നടന്നുപോകുന്ന ദൃശ്യങ്ങളാണത്.

ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ കൊലയാളികളായ ആറുപേരെയും തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളുടെ സഹോദരൻ അടക്കമുള്ളവരെ ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പ്രതികളെ പിടികൂടാനായി നിരവധിയാളുകളുടെ മൊബൈൽ ഫോൺ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

സർവ്വകക്ഷി യോഗം പ്രഹസനമെന്ന്

ബി.ജെ.പി; പരാജയമല്ലെന്ന് മന്ത്രി

ജില്ലയിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനായി ഇന്നലെ കളക്ടറേറ്റിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ സർക്കാർ വിളിച്ചുചേർത്ത സർവ്വകക്ഷിയോഗത്തിൽ പൊലീസിന്റെ വീഴ്ച അറിയിച്ച ബി.ജെ.പി നേതാക്കൾ യോഗം ബഹിഷ്കരിച്ചു. ബി.ജെ.പി പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടപ്പോൾ ആരും സർവ്വകക്ഷിയോഗം വിളിച്ചില്ല. കഴിഞ്ഞ രണ്ടുദിവസമായി പൊലീസ് തങ്ങളുടെ നേതാക്കൾക്കും പ്രവർത്തകർക്കും നേരെ ഏകപക്ഷീയമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു. സർവ്വകക്ഷി യോഗം പ്രഹസനമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

യോ​ഗത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ തീരുമാനിച്ചാണ് ബി.ജെ.പി നേതാക്കൾ വന്നതെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി വിമർശിച്ചു. അക്രമം ആവർത്തിക്കാതിരിക്കാൻ പൊലീസിന്റെ ശക്തമായ ഇടപെടലുണ്ടാകും. തീവ്രവാദ സ്വഭാവമുള്ള അക്രമമാണ് നടന്നത്. ജനങ്ങളുടെ ഭീതി അകറ്റുകയെന്നതാണ് പ്രാധാനം. ചർച്ച പരാജയമല്ല, സമൂഹത്തിന്റെ പൊതു അഭിപ്രായം ചർച്ചചെയ്തു. ഇനിയും ചർച്ച സംഘടിപ്പിക്കും. യോഗത്തിൽ തർക്കം ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സമാധാന ശ്രമങ്ങളുമായി സഹകരിക്കുമെന്ന് സർവ്വകക്ഷിയോ​ഗത്തിനു ശേഷം എസ്.ഡി.പി.ഐ നേതാക്കളും പ്രതികരിച്ചു.

Advertisement
Advertisement