സീ പ്ലെയിൻ തോറ്റിടത്ത് പുതുപദ്ധതിയുമായി കെ.എസ്.ഇ.ബി ഭാഗ്യപരീക്ഷണത്തിന് ഫ്ലോട്ട് പ്ലെയിൻ

Tuesday 19 April 2022 12:15 AM IST

കൊച്ചി: വിനോദ സഞ്ചാരവികസനത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി യുടെ മാട്ടുപ്പെട്ടി- ബാണാസുരസാഗർ ഫ്ലോട്ട് പ്ലെയിൻ ചിറകുവിരിക്കാനൊരുങ്ങുമ്പോൾ കോടികൾ വായ്പയെടുത്തു വാങ്ങിയ സീപ്ലെയിൻ ജപ്തിചെയ്തുപോയ നൊമ്പരത്തിലാണ് കൊച്ചിയിലെ രണ്ട് സ്വകാര്യ സംരംഭകർ. മലയാളി പൈലറ്റുമാരായ കാപ്ടൻ സുധീഷ് ജോർജും കാപ്ടൻ സൂരജുമാണ് 15 കോടിരൂപ മുടക്കി സീപ്ലെയിൻ വാങ്ങി കടക്കെണിയിലായത്.

ഇന്ന് ഇടുക്കിയിലെ മാട്ടുപ്പെട്ടി അണക്കെട്ടിൽ നിന്ന് വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിലേക്ക് വിനോദസഞ്ചാരികളുമായി പറക്കാമെന്ന് കെ.എസ്.ഇ.ബി സ്വപ്നം കാണുന്നതുപോലെ, 7 വർഷം മുമ്പ് ലക്ഷദ്വീപുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള യാത്ര, വിനോദസഞ്ചാര പദ്ധതി വിഭാവനം ചെയ്തവരാണ് ഈ പൈലറ്റുമാർ. അതിനുവേണ്ടി രൂപീകരിച്ച സീ ബേർഡ് കമ്പനി ഫെഡറൽ ബാങ്കിൽ നിന്ന് 4.5 കോടിരൂപ വായ്പ എടുത്തതുൾപ്പെടെ 15 കോടിരൂപ മുടക്കി അമേരിക്കയിൽ നിന്ന് കോഡിയാക് - 100 എന്ന 9 സീറ്റർ വിമാനവും വിലയ്ക്കുവാങ്ങി. കാപ്ടൻ സുധീഷ് അമേരിക്കയിൽ നിന്ന് 80 മണിക്കൂർ പറപ്പിച്ചാണ് വിമാനം നെടുമ്പാശേരിയിൽ ഇറക്കിയത്. അതോടെ ഇവരുടെ കഷ്ടകാലവും തുടങ്ങി. ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ ( ഡി.ജി.സി.എ) നിസാരകാര്യങ്ങൾ പോലും ചൂണ്ടിക്കാട്ടി കോഡിയാക് -ന് പറക്കാനുള്ള ലൈസൻസ് നിഷേധിച്ചു. ഓപ്പറേഷൻ മാന്വലിലെ അക്ഷരങ്ങളുടെ വലിപ്പപ്രശ്നംപോലും ലൈസൻസ് നിഷേധിക്കാനുള്ള കാരണങ്ങളിൽ ഒന്നായിരുന്നു. സഹായിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും തയ്യാറായില്ല. അതോടെ കട്ടപ്പുറത്തായതാണ് വിമാനം. വായ്പ കുടിശികയായതോടെ ഫെഡറൽ ബാങ്ക് വിമാനം ജപ്തിചെയ്തു. പലതവണ ലേലത്തിൽ വച്ചിട്ടും ആരും ഏറ്റെടുക്കാതിരുന്ന വിമാനം കഴിഞ്ഞ ജനുവരിയിലാണ് അമേരിക്കക്കാരൻ 3.5 കോടിരൂപയ്ക്ക് സ്വന്തമാക്കിയത്. വർഷങ്ങളോളം ഉപയോഗിക്കാതെ കിടന്നതുകൊണ്ട് കാര്യമായ അറ്റകുറ്റപ്പണി നടത്തിയാലെ സീ പ്ലെയിൻ അമേരിക്കയിലേക്ക് തിരിച്ചുപറത്താൻ സാധിക്കൂ.

 എതിർപ്പുകൾ വിനയായി

ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് സംസ്ഥാനത്തെ ജലാശയങ്ങളിലും കായലിലുമൊക്കെ ലാൻഡ് ചെയ്യാവുന്ന സീ പ്ലെയിൻ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചത്. അന്ന് അഷ്ടമുടി കായലിൽ ഒരു വിമാനം ഇറക്കി ഉദ്ഘാടനവും നടത്തി. എന്നാൽ കായലിൽ വിമാനമിറക്കിയാൽ മീനുകൾ ചത്തുപോകുമെന്നും മത്സ്യമേഖലയ്ക്ക് ഭീഷണിയുമാണെന്ന മുടന്തൻ ന്യായവുമായി മത്സ്യതൊഴിലാളികൾ രംഗത്തെത്തിയതോടെ സർക്കാർ പിന്മാറി. അതിനുശേഷമാണ് ലക്ഷദ്വീപിലെ യാത്രാപ്രശ്നത്തിനും വിനോദസഞ്ചാര വികസനത്തിനും മുതൽകൂട്ടാകുമെന്ന പ്രതീക്ഷയോടെ മലയാളി സംരംഭകർ സ്വകാര്യ വിമാനം ഇറക്കിയത്. അതും പാഴായി. അങ്ങനെ സർക്കാരും സംരംഭകനും കുത്തുപാളയെടുത്തിടത്താണ് കെ.എസ്.ഇ.ബി. യുടെ പുതിയ പരീക്ഷണം. സ്വന്തം ഡാമുകളിലായതിനാൽ എതിർപ്പിന് വലിയ സാദ്ധ്യതയില്ലെന്നത് മാത്രമാണ് സമാധാനം.

Advertisement
Advertisement