കടമ്മനിട്ടയി​ൽ ഇന്ന് അടവി

Tuesday 19 April 2022 12:09 AM IST

കടമ്മനി​ട്ട : മേടം ഒന്നിന് ചൂട്ടുവച്ച് തുടക്കം കുറിച്ച കടമ്മനിട്ട പടേനി ഇന്ന് ആറാംനാളി​ലേക്ക്. കൂട്ടക്കോലങ്ങളോടെ കഴിഞ്ഞ മൂന്നുനാൾ അരങ്ങേറിയ പടേനിക്ക് ഇന്ന് വിശേഷാൽ അടവിച്ചടങ്ങും ഉണ്ടാകും. താളമേളവും കോലം വരവും കാപ്പൊലിയും കഴിഞ്ഞ് വെളിച്ചപ്പാട് സൂത്രധാരനായി വന്ന് അറിയിപ്പുകൾ തന്നു മറയുന്നതോടെ താവടി തുള്ളലും പുലവൃത്തംകളിയും നടക്കും. തുടർന്ന് അടവി ആഘോഷമാണ്. ഭഗവതി കാവിലാണുള്ളതെന്നും കാവ് അഗ്നിയാണ് എന്നും ഉള്ള തിരിച്ചറിവാണ് ഈ ചടങ്ങിന്റെ സവിശേഷത. മനുഷ്യവാസത്തിന് കാട് നാടായപ്പോൾ ഭഗവതിയേയും കാടിന്റെ മൂല്യത്തെയും അറിയുന്ന മനുഷ്യർ ഭഗവതിക്കു നൽകുന്ന ബലിയാണ് അടവി. ആണ്ടിലൊരിക്കൽ തന്റെ നാട്ടിൽ കരക്കാർ ആഴികൂട്ടി എരിതീയിലേക്ക് പന കൊണ്ടുവന്ന് നിവർത്തി അടവി വാഴാൻ പാട്ടുപാടി പന മറിക്കുന്നതോടെ അടവി ചടങ്ങ് അവസാനിക്കും. അഗ്നിയും വൃക്ഷവും കാവിലെ അഗ്നിയെ സൂചിപ്പിക്കുകയും ഇത് ഭഗവതിയുടെ വാസസ്ഥലമാണെന്ന് ആഹ്വാനം ചെയ്യുകയുമാണ്.
അടവി കഴിഞ്ഞ് കൂട്ടക്കോലങ്ങൾ ഓരോന്നോയി കളത്തിലെത്തി തുള്ളി ഉറയും. ഗണപതി, മറുത, കാലൻ, പക്ഷി, യക്ഷി, ഭൈരവി എന്നീ കോലങ്ങൾ ഇന്നത്തെ പടേനിയിലുണ്ടാകും. പ്രൊഫ. കടമ്മനിട്ട വാസുദേവൻപിള്ളയും പി.ടി​. പ്രസന്നകുമാറും രാജേഷ് മുട്ടത്തിലും ചേർന്ന് നയിക്കുന്ന പിൻപാട്ടിന്റെ കരുത്തിലാണ് ഇന്ന് പടേനി​ അരങ്ങേറുന്നത്.

Advertisement
Advertisement