കോഴിക്കോട് കസ്റ്റംസ് റോഡ് ഇനി അഫനാസി നികിതിൻ റോഡ്

Tuesday 19 April 2022 12:02 AM IST
റഷ്യൻ സഞ്ചാരി അഫനാസി നികിതിൻ കോഴിക്കോട് സന്ദർശിച്ചതിന്റെ 550-ാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് കസ്റ്റംസ് റോഡ് അഫനാസി നികിതിൻ റോഡായി നാമകരണം ചെയ്ത ബോർഡ് മേയർ ഡോ.ബീന ഫിലിപ്പ് അനാച്ഛാദനം ചെയ്യുന്നു.

കോഴിക്കോട്: ബീച്ചിലെ കസ്റ്റംസ് റോഡ് ഇനിമുതൽ റഷ്യൻ സഞ്ചാരി അഫനാസി നികിതിന്റെ പേരിൽ അറിയപ്പെടും. അഫനാസി നികിതിൻ കോഴിക്കോട് സന്ദർശിച്ചതിന്റെ 550ാം വാർഷികവും ഇന്ത്യ- റഷ്യ നയതന്ത്ര ബന്ധത്തിന്റെ 75ാം വാർഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കസ്റ്റംസ് റോഡ് പുനർനാമകരണം ചെയ്തിരിക്കുന്നത്.

കോഴിക്കോട് നഗരവും റഷ്യയിലെ ത്വെർ നഗരവുമായി ചേർന്ന് ട്വിൻ സിറ്റി ആശയത്തിൽ ഒന്നിച്ച് പ്രവർത്തിക്കാനും കോർപ്പറേഷൻ തീരുമാനിച്ചു. മേയർ ഡോ.ബീന ഫിലിപ്പും റഷ്യൻ അസോസിയേഷൻ ഫോർ ഇന്റർനാഷണൽ കോ ഓപ്പറേഷൻ ചെയർമാൻ ഡോ.സെർജി കലാഷ്‌നിക്കോവും ചേർന്ന് റോഡിന് പുനർനാമകരണം ചെയ്തു.

ബിനോയ് വിശ്വം എം.പി മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, ഡോ.എസ് ജയശ്രീ, പി.ദിവാകരൻ, പി.കെ.നാസർ, ഒ.പി.ഷിജിന, എം.പി.ഹമീദ്, എം.ബിജുലാൽ, എം.പി.സുരേഷ്, ദക്ഷിണേന്ത്യയിലെ റഷ്യൻ ഫെഡറേഷന്റെ കോൺസുൽ ജനറൽ ഒലീഗ് അവ് ദീവ്, റഷ്യ- ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ പ്രതിനിധി ഇവ്ജിനി ഷിൽനിക്കോവ്, ഇന്ത്യ- റഷ്യ ഫൗണ്ടേഷൻ എക്‌സിക്യുട്ടീവ് സീനിയർ വൈസ് പ്രസിഡന്റ് സുധീർ പാൽ സബാർവാൽ, തിരുവനന്തപുരം റഷ്യൻ ഹൗസ് ഡയറക്ടർ രതീഷ് സി നായർ, കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി എന്നിവർ പങ്കെടുത്തു.

Advertisement
Advertisement