വൈദ്യുതിഭവൻ വളയൽ സമരം ഇന്ന്, അനുമതി നിഷേധിച്ച് മാനേജ്‌മെന്റ് , പിന്നോട്ടില്ലെന്ന് അസോസിയേഷൻ

Tuesday 19 April 2022 12:00 AM IST

തിരുവനന്തപുരം: നേതാക്കൾക്കെതിരായ അച്ചടക്കനടപടികൾ പൂർണ്ണമായി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്നുനടത്തുന്ന വൈദ്യുതി ഭവൻ വളയൽ സമരത്തിന് കെ.എസ്.ഇ.ബി മാനേജ്മെന്റ് അനുമതി നിഷേധിച്ചെങ്കിലും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ഒാഫീസേഴ്സ് അസോസിയേഷൻ. ഇന്ന് തലസ്ഥാനത്തെത്തുന്ന മന്ത്രി കെ.കൃഷ്ണൻകുട്ടി അംഗീകൃത ട്രേഡ് യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്താനിരിക്കെയാണ് പ്രതിഷേധ സംഗമ പരിപാടി. ഒാഫീസർമാർ ട്രേഡ് യൂണിയൻ പരിധിയിൽ അല്ലാത്തതിനാൽ ഇൗ ചർച്ചയിൽ ഒാഫീസേഴ്സ് അസോസിയേഷനില്ല. മന്ത്രിയെ നേരിട്ടുകണ്ട് സംസാരിക്കാൻ അസോസിയേഷൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ഉറപ്പൊന്നും കിട്ടിയിട്ടില്ല.

അസോസിയേഷൻ നേതാക്കളുടെ സസ്പെൻഷൻ പിൻവലിച്ച സാഹചര്യത്തിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടുവെന്ന നിലപാടിലാണ് വൈദ്യുതിമന്ത്രിയും മാനേജ്മെന്റും. എന്നാൽ അച്ചടക്കനടപടികൾ തുടരുന്നതും പഴയ തസ്തികകൾ നൽകാതിരുന്നതും അന്യായമാണെന്ന നിലപാടിലാണ് അസോസിയേഷൻ.

പ്രത്യേക അച്ചടക്ക നടപടി

എടുക്കുമെന്ന് മുന്നറിയിപ്പ്

തുടർ സമരത്തിന്റെ ഭാഗമായി വൈദ്യുതി ഭവൻ വളയൽ സമരത്തിന് അനുമതിതേടി അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ് അപേക്ഷ നൽകിയത്. എന്നാൽ അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥയുടെ കേസ് കോടതിയുടെ പരിഗണനയിലാണെന്നും കോടതി നിർദ്ദേശപ്രകാരമാണ് നടപടികൾ സ്വീകരിക്കുന്നതെന്നും അനുമതി നിഷേധിച്ചുകൊണ്ട് മാനേജ്മെന്റ് മറുപടിക്കത്തിൽ വ്യക്തമാക്കി. കേരള സർവീസ് ചട്ടപ്രകാരം ഒരു സർവീസ് സംഘടന ഡ്യൂട്ടി ചെയ്യാതെ നടത്തുന്ന പ്രതിഷേധ സംഗമം സമരത്തിന്റെ പരിധിയിൽ വരുമെന്നും വ്യക്തമാക്കി.

സമരം തുടങ്ങിയ അഞ്ചാംതീയതി മുതൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെന്ന് കണക്കാക്കി പ്രത്യേക അച്ചടക്ക നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമുണ്ട്. സസ്‌പെൻഡ് ചെയ്യപ്പെട്ടവരെ സർവീസിൽ തിരിച്ചെടുത്തിട്ടുണ്ട്. വ്യക്തമായ തെളിവുകളുടെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്ക് എതിരെ സ്വീകരിക്കുന്ന അച്ചടക്ക നടപടി വേണ്ടത്ര പരിശോധനയും പരിഗണനയുംകൂടാതെ അകാരണമായി പിൻവലിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും കത്തിൽ പറയുന്നു.

Advertisement
Advertisement