കോടതിക്ക് നൽകിയ അപേക്ഷ മാദ്ധ്യമങ്ങൾക്ക്: എ.ഡി.ജി.പിയുടെ റിപ്പോർട്ടും തൃപ്തികരമല്ലെന്ന് കോടതി

Tuesday 19 April 2022 12:17 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ചില കോടതി രേഖകൾ ദിലീപിന്റെ ഫോണിൽ നിന്ന് ലഭിച്ചതുമായി ബന്ധപ്പെട്ട് കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷ മാദ്ധ്യമങ്ങൾക്ക് ലഭിച്ചതിനെക്കുറിച്ച് എ.ഡി.ജി.പി നൽകിയ വിശദീകരണവും തൃപ്തികരമല്ലെന്ന് കോടതി.

നേരത്തേ അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ട് തൃപ്തികരമല്ലെന്നു വിലയിരുത്തിയാണ് വിചാരണക്കോടതി ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ റിപ്പോർട്ട് തേടിയത്. ഹൈക്കോടതിയിൽ മറ്റൊരു ഹർജി നൽകാൻ അപേക്ഷയുടെ പകർപ്പ് എ.ജിയുടെ ഓഫീസിലേക്ക് നൽകിയിരുന്നെന്നും അവിടെ നിന്ന് മാദ്ധ്യമങ്ങൾക്ക് ലഭിച്ചതാകാമെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടി. ഏത് ഉദ്യോഗസ്ഥനാണ് അപേക്ഷ നൽകിയതെന്നോ ഏതു ഹർജിയാണ് കൊടുത്തതെന്നോ മറുപടിയിൽ പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഈ സംഭവത്തിൽ എ.ഡി.ജി.പി റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിരുന്നു. ഈ വിവരങ്ങൾ എ.ഡി.ജി.പിയുടെ റിപ്പോർട്ടിലും ഇല്ലെന്ന് കോടതി പറഞ്ഞു. .

കോടതിയുടെ അധികാരം

കൈയ്യടക്കാൻ ശ്രമിക്കരുത്
അന്വേഷണ സംഘവും പ്രോസിക്യൂഷനും കോടതിയുടെ അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കരുതെന്ന് വിചാരണക്കോടതി പറഞ്ഞു. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിലാണിത്. രേഖകൾ ചോർന്നാൽ അന്വേഷണം നടത്തേണ്ടത് കോടതിയാണ്. പൊലീസിന് സ്വമേധയാ ഇടപെടാനാവില്ലെന്ന് ജഡ്ജി ഹണി എം. വർഗീസ് വ്യക്തമാക്കി.

കോടതി രേഖകൾ എങ്ങനെ ലഭിച്ചെന്ന് ദിലീപിൽ നിന്ന് വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഫോണിൽ നിന്ന് ലഭിച്ച രേഖകളടങ്ങിയ സി.ഡി പ്രദർശിപ്പിച്ചു. സുപ്രീം കോടതി നിർദ്ദേശിച്ചതനുസരിച്ച് ലഭിച്ച രേഖകളാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ നൽകി. അന്വേഷണത്തിന് മൂന്നു മാസം കൂടി ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഇന്നു ഹൈക്കോടതി വിധി പറയുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. . ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജിയും 21ന് പരിഗണിക്കും.

Advertisement
Advertisement