വേളാങ്കണ്ണിക്ക് ഇല്ല,​ നാഗൂർ വരെ ഓടാം !  എറണാകുളം- വേളാങ്കണ്ണി എക്സ്പ്രസ് പുനരാരംഭിക്കും

Tuesday 19 April 2022 12:18 AM IST

കൊല്ലം: രണ്ടു വർഷം മുമ്പ് ഓട്ടം നിലച്ച എറണാകുളം- വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിൻ സ‌ർവീസ് പുനരാരംഭിക്കാൻ ആലോചന. എന്നാൽ, നാഗൂർ വരെ പരിമിതപ്പെടുത്താനാണ് സാദ്ധ്യത. കൊവിഡ് നിയന്ത്രണത്തെത്തുടർന്ന് നിർത്തിവച്ച മിക്ക സർവീസുകളും പുനരാരംഭിച്ചെങ്കിലും വേളാങ്കണ്ണിയുടെ കാര്യത്തിൽ തീരുമാനമാകാത്തതിൽ യാത്രക്കാർ പ്രതിഷേധത്തിലായിരുന്നു.

നാഗപട്ടണം - വേളാങ്കണ്ണി പാതയിലെ തടസ്സങ്ങളാണ് നാഗൂർ വരെയാക്കി സർവീസ് ചുരുക്കാൻ കാരണമായി പറയുന്നത്. ആഴ്ചയിൽ രണ്ടു ദിവസം വീതം സർവീസ് ആരംഭിക്കാനുളള നിർദ്ദേശം റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്ന് ആരംഭിച്ച് കോട്ടയം, കൊല്ലം, ചെങ്കോട്ട, രാജപാളയം, പുതുക്കോട്ടൈ, തിരുച്ചിറപ്പളളി, തഞ്ചാവൂർ, നാഗപ്പട്ടണം വഴി നാഗൂറിലെത്തുന്ന വിധത്തിലാണ് ക്രമീകരണം.

തുടക്കം കൊല്ലത്ത്

കൊല്ലം- ചെങ്കോട്ട പാത മീറ്റർഗേജായിരുന്ന കാലത്ത് കൊല്ലം- നാഗൂർ എക്സ്പ്രസ് ട്രെയിൻ ഓടിയിരുന്നു. 2019ൽ ഇത് കൊല്ലം - വേളാങ്കണ്ണി സർവീസാക്കി. പിന്നീട് എറണാകുളം വരെ ദീർഘിപ്പിച്ചു.

Advertisement
Advertisement