എൻ.ആർ.ഐ സീറ്റ്: സർക്കാരിന് നോട്ടീസ്

Tuesday 19 April 2022 12:19 AM IST

ന്യുഡൽഹി:എൻ.ആർ.ഐ സീറ്റുകൾ ജനറൽ കാറ്റഗറിയിലേക്ക് മാറ്റിയതിനെതിരെ സ്വാശ്രയ മെഡിക്കൽ കോളേജുകളും എൻ.ആർ.ഐ വിദ്യാർത്ഥികളും നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ, പ്രവേശന പരീക്ഷാ കമ്മീഷണർ, ഫീസ് നിർണ്ണയ സമിതി എന്നിവർക്ക് സുപ്രീംകോടതി നോട്ടീസയച്ചു.

കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ആദ്യവട്ട കൗൺസിലിംഗിന് ശേഷം യോഗ്യരായ എൻ.ആർ.ഐ വിദ്യാർത്ഥികളില്ലെന്ന് ചൂണ്ടിക്കാട്ടി എൻ.ആർ.ഐ സീറ്റുകൾ ജനറൽ കാറ്റഗറിയിലേക്ക് മാറ്റിയ പ്രവേശന പരീക്ഷ കമ്മീഷണറുടെ നടപടിക്കെതിരെയാണ് ഹർജി. മോപ് അപ് കൗൺസിലിംഗിന് ശേഷം ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകളുടെ എണ്ണം അറിയിക്കാനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി.

പാലക്കാട് കരുണ , തൊടുപുഴ അൽ അസർ സ്വാശ്രയ മെഡിക്കൽ കോളേജുകളും 38 എൻ.ആർ.ഐ വിദ്യാർത്ഥികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയും എൻ.ആർ.ഐ സീറ്റുകൾ ജനറൽ കാറ്റഗറിയിലേക്ക് മാറ്റിയ നടപടി ശരി വച്ച ഹൈക്കോടതി ചില സ്വാശ്രയ കോളേജുകളുടെ കാര്യത്തിൽ അതിൽ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതായും ആരോപിച്ചു. എൻ. ആർ.ഐ സീറ്റുകൾ ജനറൽ കാറ്റഗറിയിലേക്ക് മാറ്റാൻ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അധികാരമില്ലെന്നാണ് വിദ്യാർത്ഥികളുടെ വാദം.സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവെയും ഹാരിസ് ബീരാനും വിദ്യാർത്ഥികൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദിയും ഹാജരായി

Advertisement
Advertisement