വിദ്യാഭ്യാസ മേഖല കുത്തകവത്കരിക്കപ്പെട്ടു: കാനം

Tuesday 19 April 2022 12:23 AM IST

ആലപ്പുഴ: മനുഷ്യവിഭവ ശേഷിയെ കുത്തകകൾക്ക് നൽകാനുള്ള മാർഗമാക്കി വിദ്യാഭ്യാസ രംഗത്തെ കേന്ദ്ര സർക്കാരിന്റെ നയങ്ങൾ മാറ്റിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി.

എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ മാറ്റത്തിനും എല്ലാവർക്കും വിദ്യാഭ്യാസത്തിനുമായി സർക്കാർ സ്വീകരിച്ച പല നയങ്ങളും കേന്ദ്രം വരേണ്യ വർഗത്തിന് മാത്രമായി ചുരുക്കി. ആശയ സംവാദത്തിന്റെ വേദികളായിരുന്ന സർവകലാശാലകളെ ഹിന്ദുത്വവാദം അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രമാക്കി മാറ്റുകയാണ്. ജനാധിപത്യ സങ്കല്പങ്ങളായ പാർലമെന്റും നിയമസഭയും ഇനി എത്രനാൾ തുടരുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ ചൂഷണങ്ങൾക്ക് വിധേയമാക്കുന്നുണ്ട്. ഈ രംഗത്ത് സാമൂഹ്യ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ദേശിയ വിദ്യാഭ്യാസ നയത്തിൽ നിന്ന് വ്യത്യസ്തമായ വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തിന് അനിവാര്യമെന്നും കാനം പറഞ്ഞു. സി.പി.ഐ ദേശിയ എക്‌സിക്യുട്ടീവ് അംഗം കെ.ഇ.ഇസ്മായിൽ, മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനിൽ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് വിദ്യാഭ്യാസ സെമിനാറും ഭാരവാഹി തിരഞ്ഞെടുപ്പും നടക്കും.

Advertisement
Advertisement