സൗഹൃദക്കൂട്ടങ്ങളിൽ മധുരം പകരാൻ ശർക്കര പുകയില

Tuesday 19 April 2022 2:20 AM IST
റമദാൻ കാലത്ത് വീടുകളിൽ ഉപയോഗിച്ചിരുന്ന ഹുക്ക

പൊന്നാനി: നോമ്പുകാലത്തെ രാത്രികളിൽ സൗഹൃദക്കൂട്ടങ്ങൾക്കിടയിൽ പതിവായുണ്ടായിരുന്ന ശർക്കര പുകയിലയും ശർക്കര ബീഡിയും പുതിയ തലമുറക്ക് അന്യം. സൊറ വലിയെന്ന പേരിൽ പൊന്നാനിയിലെ സൗഹൃദക്കൂട്ടങ്ങൾക്കിടയിൽ ശർക്കര പുകയില വ്യാപകമായിരുന്നു. ശർക്കര പുരട്ടിയ പുകയില പൊന്നാനിയിലെ റമദാൻ വിപണിയിൽ പ്രധാന ഇനമായിരുന്നു. തറാവീന് ശേഷമുള്ള കൂടിച്ചേരലിലാണ് ഇതുപയോഗിക്കുക.

ബീഡി വ്യാപകമായി ഉപയോഗിച്ചിരുന്ന കാലത്താണ് ശർക്കര പുകയില പ്രചാരത്തിലുണ്ടായിരുന്നത്. സാധാരണ പുകയിലയിൽ ശർക്കര പുരട്ടി തെറുക്കുകയാണ് ചെയ്തിരുന്നത്. ഇത് വലിക്കുമ്പോൾ മധുരം അനുഭവപ്പെടുമായിരുന്നു. ഒട്ടുമിക്ക കടകളിലും ഇത് ലഭിച്ചിരുന്നു. സാധാരണ ബീഡിയുടെ അത്ര പുക ശർക്കര ബീഡിക്ക് ഉണ്ടാകില്ല. ഇത് ശരീരത്തിന് ഹാനികരമല്ലെന്നാണ് അന്നുള്ളവർ പറഞ്ഞിരുന്നത്.

തിരൂർ, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് ശർക്കര പുകയില എത്തിയിരുന്നത്. റമദാനിന്റെ പകലിൽ പുകവലി പൂർണ്ണമായും ഒഴിവാക്കിയിരുന്നവർ രാത്രിയിലെ ശർക്കര പുകയിലയെയാണ് പകരമായി സ്വീകരിച്ചിരുന്നത്. പുകവലിക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെ ശർക്കര പുകയില രംഗം വിട്ടു.

ഹുക്ക വലിക്കാനും ശർക്കര പുകയില

ബീഡി കൂടാതെ ഹുക്ക വലിക്കാനും ശർക്കര പുകയില ഉപയോഗിച്ചു. ഒട്ടുമിക്ക തറവാടു വീടുകളിലും അക്കാലത്ത് ഹുക്കയുണ്ടായിരുന്നു. തറാവീഹിന് ശേഷം തറവാടിന്റെ കയ്യാലയിൽ ഒത്തുകൂടുന്ന സൗഹൃദ കൂട്ടങ്ങൾ പതിവായി ഹുക്ക ഉപയോഗിച്ചിരുന്നു. ഹുക്കയുടെ പാത്രത്തിൽ തിളപ്പിച്ച വെള്ളം നിറച്ച് അതിൽ ശർക്കര പുകയില നിറക്കും. ഓരോരുത്തരായി ഹുക്ക ആഞ്ഞുവലിക്കും. പുകയില കലർന്ന ആവിയും ശർക്കരയുടെ മധുരവും നുണഞ്ഞ് സൊറ പറഞ്ഞ് സമയം തള്ളി നീക്കും.

വീടുകളിൽ നടന്നിരുന്ന സൗഹൃദക്കൂട്ടങ്ങളുടെ മുത്താഴ വിരുന്നിൽ പ്രധാന ഇനമായിരുന്നു ശർക്കര പുകയില നിറച്ച ഹുക്കകൾ. പലഹാരങ്ങൾക്കൊപ്പം തലയെടുപ്പോടെ ഹുക്കയുണ്ടാകും. മുതിർന്നവരാണ് പ്രധാനമായും ഹുക്ക ഉപയോഗിക്കുക. റമദാൻ കാലത്ത് ഹുക്ക വാടകക്ക് നൽകുന്നവരുണ്ടായിരുന്നു.

Advertisement
Advertisement